/sathyam/media/media_files/2025/01/04/zuInWcuqF2F3Cgy10pN7.jpg)
ഡൽഹി: ചൈനയില്‍ പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാന്യൂമോവൈറസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല.
വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിച്ചാൽ മതിയെന്നും ഡോ.അതുല്‍ ഗോയല്‍ പറഞ്ഞു.
എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം.
രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ വിശകലനം ചെയ്തിട്ടുണ്ടെന്നും 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.