ഡൽഹി: 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങാൻ രക്ഷിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന ഡിജിറ്റൽ പേർസണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരട് രൂപം പുറത്തുവന്നു.
നിലവിൽ സോഷ്യൽമീഡയയിൽ 13 വയസിനു മുകളിലുള്ളവർക്ക് സ്വന്തം നിലയിൽ അക്കൗണ്ട് എടുക്കാം. എന്നാൽ പുതിയ നിയമം വരുന്നതോടെ 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സ്വന്തമായി സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങാനാവില്ല.
രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കും. വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കു കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് ഇളവ് നൽകും.
ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് നിയമത്തിന്റെ കരട് ഊന്നൽ നൽകുന്നത്.
കുട്ടികൾ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ചേർക്കുന്നതിന് മുമ്പ് രക്ഷിതാവ് കുട്ടിക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികളെ നിയമിച്ച് നടപടി കൈക്കൊള്ളുമെന്ന് കരട് രേഖയിൽ പറയുന്നു.
എന്നാൽ ഇത് ലംഘിച്ച് കുട്ടികൾക്ക് വിവരങ്ങൾ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് കരട് നിയമത്തിൽ പറയുന്നില്ല.