ന്യൂഡൽഹി: ഡേറ്റിങ് ആപ്പുകൾ വഴി സൗഹൃദം സ്ഥാപിച്ച് 700 ഓളം സ്ത്രീകളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ ഷകാർപൂർ സ്വദേശിയായ തുഷാർ ബിഷ്താണ് (23) പിടിയിലായത്.
അമേരിക്കൻ സ്വദേശിയായ മോഡലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളെ വലയിലാക്കിയത്. മൊബൈൽ ആപ്പുവഴി കരസ്ഥമാക്കിയ വെർച്വൽ നമ്പർ ഉപയോഗിച്ച് ഡേറ്റിങ് ആപ്പുകളിൽ വ്യാജ പ്രൊഫൈൽ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ബ്രസീലിയൻ മോഡലുകളുടെ ചിത്രമാണ് അക്കൗണ്ടുകളിൽ ഇയാൾ ഉപയോഗിച്ചിരുന്നത്. സ്നാപ്ചാറ്റ്, ബംബിൾ, വാട്സ്ആപ് എന്നിവ വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വകാര്യ ചിത്രങ്ങളും വിഡിയോയും കൈക്കലാക്കും. തുടർന്ന് ഇവ ഓൺലൈനിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. 18നും 30നും ഇടയിലുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഏറെയും.