ഡൽഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകി. യോഗത്തിൽ വഖഫ് ബില്ലിനെ 16 എംപിമാർ പിന്തുണച്ചു. 10 പേർ എതിർത്തു.
വോട്ടെടുപ്പിൽ പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും, ഇതേതുടർന്ന് നിർദേശങ്ങൾ തള്ളിയതായും ജഗദംബിക പാൽ വ്യക്തമാക്കി. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ പാർലമെന്റിൽ വെച്ച ബില്ലിന്മേൽ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നൽകിയിട്ടുള്ളത്.
ബില്ലിന്മേൽ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാർ 44 ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാൽ നേതൃത്വം നൽകുന്ന സമിതി തള്ളി.
പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് നടന്നതായി സമിതി ചെയർമാൻ ജഗദംബിക പാൽ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന്മേൽ നവംബർ 29 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജെപിസിയോട് ആവശ്യപ്പെട്ടിരുന്നത്.