ഡൽഹി: ഡോക്ലാം സംഘർഷത്തിനു ശേഷം തകർന്ന ബന്ധം മെച്ചപ്പെടുത്തുന്നതിനായി, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്ത്യയും ചൈനയും തീരുമാനിച്ചു.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് ഉപ വിദേശകാര്യ മന്ത്രി സൺ വീഡോങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ യോഗത്തിൽ "ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
നിലവിലുള്ള കരാറുകൾ പ്രകാരമാണ് വിമാന സർവീസും മാനസരോവർ യാത്രയും വീണ്ടും ആരംഭിക്കുന്നതെന്നും നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം മുതൽ കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായി.