ഡൽഹി: മുത്തലാഖ് നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ തേടി സുപ്രീം കോടതി.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന 2019 ലെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ എഫ്ഐആറുകളുടെ എണ്ണവും കുറ്റപത്രങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം നൽകാനാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുത്തലാഖ് ചൊല്ലുന്നത് ക്രിമനിൽ കുറ്റമാക്കിയത് ചോദ്യംചെയ്ത് മുസ്ലീം സംഘടനകളുൾപ്പെടെ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻറെ നിർദേശം.
മുത്തലാഖ് നിയമപ്രകാരം, മുത്തലാഖ് ചൊല്ലിയ മുസ്ലീം പുരുഷന്മാർക്കെതിരെ എത്ര എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. 2019 ലാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കിയത്.
സമാന സ്വഭാവമുള്ള കുറ്റങ്ങൾ ഗാർഹിക പീഡന നിയമത്തിൻറെ പരിധിയിൽപ്പെടുമെന്നും മുസ്ലീം വിഭാഗത്തോടുള്ള വിവേചനമാണ് നിയമമെന്നും ഹർജിക്കാർ വാദിച്ചു.
മുസ്ലിം സ്ത്രികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
ഏതായാലും അഭിഭാഷകരിൽ ആരും മുത്തലാഖ് സമ്പ്രദായത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹർജികളിൽ വാദം കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.