ഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ 2019ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച പാകിസ്ഥാൻ ഹിന്ദുക്കൾ ഇത്തവണ വോട്ട് ചെയ്യും. ഇത്തവണത്തെ ഡൽഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി 300 പാകിസ്ഥാനി ഹിന്ദുക്കളാണ് അപേക്ഷിച്ചത്.
പാകിസ്ഥാനിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ താമസിക്കുന്ന നിരവധി കോളനികളിൽ ഒന്നാണ് ഡൽഹിയിലെ മജിനു കാ ടില.
വംശീയ ഹത്യയും മറ്റും ഭയന്ന് നൂറുകണക്കിന് ആളുകളാണ് പാകിസ്ഥാനിൽ നിന്ന് ഇവിടെ എത്തിയത്. ഇതിൽ 2014 ഡിസംബറിന് മുൻപ് ഇന്ത്യയിൽ എത്തിയവർക്കാണ് 2019 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടുള്ളത്.
രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കുന്നതിനപ്പുറം ജനാധിപത്യ സംവിധാനത്തിൽ ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ഈ ജനങ്ങള്‍.
പാകിസ്ഥാനിൽ നിന്നും എത്തിയ നൂറുകണക്കിന് കുടുംബങ്ങൾ ഇത്തരത്തിൽ ഡൽഹിയുടെ പല ഭാഗങ്ങളിലായി താമസിക്കുന്നുണ്ട്. വെള്ളവും വൈദ്യുതിയും വിദ്യാഭ്യാസവും അടക്കമുള്ള അടിസ്ഥാന അവകാശങ്ങൾ ഇവർക്ക് പൂർണ്ണമായും ലഭിച്ചിട്ടില്ല. ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടും വോട്ടവകാശം ലഭിക്കാത്തവരും നിരവധിയുണ്ട്.