ഡൽഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം.
കുംഭമേള ദുരന്തവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. നാളെയാണ് പൊതു ബജറ്റ്.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ധനകാര്യ മന്ത്രിയെന്ന ചരിത്ര നേട്ടത്തിലേക്കാണ് ധനമന്ത്രി നിർമ്മല സീതാരാമൻ എത്തി നിൽക്കുന്നത്.
2025 ഫെബ്രുവരി 1 ന്, മോദി 3.0 ന് കീഴിലുള്ള തന്റെ എട്ടാമത്തെ ബഡ്ജറ്റ് ആണ് നിർമ്മല സീതാരാമൻ രാജ്യത്തിനായി അവതരിപ്പിക്കുക.
ധനമന്ത്രി ആയിരിക്കെ നിർമല സീതാരാമന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റാണിത്.
2025-26 സാമ്പത്തിക വർഷത്തിൽ, ധനക്കമ്മി കുറയ്ക്കുന്നതിനും നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുമായി മൂലധന നിക്ഷേപ ലക്ഷ്യം വർദ്ധിപ്പിക്കുന്നതിനും സർക്കാർ ശ്രമിക്കുമെന്നാണ് പ്രവചനം.
പിഎൽഐ പദ്ധതി വഴി എംഎസ്‌എംഇകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങളിലേക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി തൊഴിലില്ലായ്മ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കുന്നതിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കൂടാതെ, പൗരന്മാരുടെ സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനായി പ്രധാന സർക്കാർ പദ്ധതികളിലെ വിഹിതം 2025 ലെ ബജറ്റ് വർദ്ധിപ്പികാനും സാധ്യതകൾ ഏറെയാണ്.
ഈ ബജറ്റിൽ ഉണ്ടാവാനിടയുള്ള ആദായനികുതി ഇളവുകളെ കുറിച്ചും ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
രാജ്യത്തെ പണപ്പെരുപ്പതിനടിസ്ഥാനമാക്കി ഒരൊ തൊഴിലാളിയുടെയും ശമ്പളം വർദ്ധിപ്പിക്കാൻ സാധ്യതകൾ കൽപിക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക എന്നും റിപ്പോർട്ടുണ്ട്.