ന്യൂഡൽഹി: സ്വതന്ത്രവും നീതിപൂർവ്വകവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ കോൺ്രഗസിന്റെ ഈഗിൾ സംവിധാനം നിലവിൽ വന്നു. (എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് ഓഫ് ലീഡേഴ്‌സ് ആന്റ് എകസ്‌പേർട്‌സ്). എട്ടംഗങ്ങളടങ്ങുന്ന സമിതിയെയാണ് എ.ഐ.സി.സി നേതൃത്വം ഇതിനായി നിയോഗിച്ചിട്ടുള്ളത്.
അജയ് മാക്കൻ, ദിഗ്‌വിജയ് സിംഗ്, ഡോ. അഭിഷേക് സിംഗ്‌വി, പ്രവീൺ ചക്രവർത്തി, പവൻ ഖേര, ഗുർദീപ് സിംഗ് സാപ്പൽ, നിതിൻ റാവത്ത്, ചല്ലവംശി ചന്ദ് റെഡ്ഡി എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലുള്ള ക്രമക്കേട് പരിശോധിച്ച് എ.ഐ.സി.സി നേതൃത്വത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയെന്നതാണ് സമിതിയുടെ ആദ്യ ദൗത്യം.
മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളും ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ജാഗ്രതയോടെ വിലയിരുത്തി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങൾ സമിതി കൃത്യമായി മനസിലാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.