ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. അവസാനഘട്ടം വരെ വാശീയേറിയ പോരാട്ടമാണ് കോൺഗ്രസും ആം ആദ്മിയും ബിജെപിയും ഡൽഹിയിൽ നടത്തിയത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പുതിയ വാഗ്ദാനങ്ങളുമായി നേതാക്കൾ കളം നിറഞ്ഞ കഴ്ചയാണ് ഡൽഹിയിൽ കണ്ടത്.
ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആയുധമായി മാറിയത്. കോൺഗ്രസിനായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണങ്ങൾക്ക് തുക്കാൻ പിടിച്ചു.
അരവിന്ദ് കെജ്‌രിവാളിനെ മുൻ നിർത്തിയായിരുന്നു ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കളത്തിലിറങ്ങി.
ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന വിമര്‍ശനം ഉയർന്നിരുന്നു. മദ്യനയ അഴിമതിയും കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവും അടക്കം കോണ്‍ഗ്രസും ബിജെപിയും പ്രചാരണ ആയുധമാക്കുന്നുണ്ട്.
സൗജന്യങ്ങള്‍ നല്‍കി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി സര്‍ക്കാറിന് ഇക്കുറി അതേ തുറുപ്പുചീട്ടില്‍ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. അധികാര തുടര്‍ച്ചയ്ക്ക് ആം ആദ്മി ശ്രമിക്കുമ്പോള്‍ അട്ടിമറി ആണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്.
70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. ആകെ 13,033 ബൂത്തുകളിലായി 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.
അതേസമയം എഎപിക്ക് തിരിച്ചടിയായി പാർടിയിൽ നിന്നും രാജിവെച്ച എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തവരായിരുന്നു രാജിവെച്ചത്.
നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ) എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്. ഇതോടൊപ്പം മുൻ എംഎൽഎ വിജേന്ദ്ര ഗാർഗ്, കോർപ്പറേഷൻ കൗൺസിലർ അജയ് റായ്, സുനിൽ ഛദ്ദ എന്നിവരും ബിജെപിയിൽ ചേർന്നു.