ഡൽഹി: സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള പാവം സ്ത്രീ പരാമര്‍ശത്തിലാണ് സോണിയക്കെതിരേ ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് പാർലമെന്റിലെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിച്ചത്. വായിച്ചു ക്ഷീണിച്ചു, അവസാനമായപ്പോഴേക്കും സംസാരിക്കാൻ പോലും വയ്യാതായി, കഷ്ടം എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി പറഞ്ഞത്.
സോണിയയുടെ ഭാഗത്തുനിന്നുണ്ടായത് അനാദവോടെയുള്ള പ്രതികരണമാണെന്നായിരുന്നു ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. വിഷയം ചര്‍ച്ചയായതോടെ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും പ്രസ്താവനയിറക്കി.
രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.