Advertisment

ജനാധിപത്യത്തിന് ഭീഷണി ഉയ‍ർത്തുന്ന ബി.ജെ.പി -ആർ.എസ്.എസ് ശക്തികളെ മതേതര ശക്തികളുടെ വിശാല ഐക്യം കൊണ്ടേ പരാജയപ്പെടുത്താനാകൂ. മതേതര പാർട്ടികളുമായുള്ള സഖ്യത്തിനൊപ്പം സ്വതന്ത്രശക്തിയായി വളരാനും ശ്രമിക്കണം. വർ​ഗീയ ശക്തികളെ നേരിടാൻ ഇടത് പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണം. നിർദ്ദേശങ്ങളുമായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം

രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണി ഉയ‍ർത്തുന്ന ബി.ജെ.പി -ആർ.എസ്.എസ് ശക്തികളെ മതേതര ശക്തികളുടെ വിശാല ഐക്യം കൊണ്ടേ പരാജയപ്പെടുത്താനാകൂ എന്ന് പറയുന്ന പ്രമേയത്തിൽ തന്നെയാണ് സ്വതന്ത്രശക്തിയായി വളരണമെന്ന സമീപനവും മുന്നോട്ട് വെച്ചിരിക്കുന്നത്.

New Update
CPM 11

ന്യൂ‍ഡൽഹി: മതേതര പാർട്ടികളുമായി വിവിധ സംസ്ഥാനങ്ങളിലും ദേശിയ തലത്തിലും സഹകരണം ഉണ്ടെങ്കിലും സ്വതന്ത്രശക്തിയായി വളരുന്നത് പ്രധാന ലക്ഷ്യമാക്കി സി.പി.എം. 

Advertisment

ഇന്ന് പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് പാ‍ർട്ടി സ്വതന്ത്രമായി വളരുന്നതിലാണ് ശ്രദ്ധവെക്കേണ്ടതെന്ന നിർദ്ദേശം മുന്നോട്ടുവെയ്ക്കുന്നത്. 


സ്വതന്ത്ര ശക്തിയായി വളരുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനൊപ്പം ഇടത് പാ‌ർട്ടികളുടെ ഐക്യം വളർത്തുന്നതിലും ശ്രദ്ധ നൽകണമെന്ന് കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നുണ്ട്. 


രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണി ഉയ‍ർത്തുന്ന ബി.ജെ.പി -ആർ.എസ്.എസ് ശക്തികളെ മതേതര ശക്തികളുടെ വിശാല ഐക്യം കൊണ്ടേ പരാജയപ്പെടുത്താനാകൂ എന്ന് പറയുന്ന പ്രമേയത്തിൽ തന്നെയാണ് സ്വതന്ത്രശക്തിയായി വളരണമെന്ന സമീപനവും മുന്നോട്ട് വെച്ചിരിക്കുന്നത്.

ബി.ജെ.പി -ആർ.എസ്.എസ് ശക്തികളോടും ഹിന്ദുത്വ ആശയുമായി  കൈകോർത്തിരിക്കുന്ന കോർപ്പറേറ്റുകളോടും പോരാടുകയും അവരെ പരാജയപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യമെന്നും കരട് രാഷ്ട്രീയ പ്രമേയം ഊന്നി പറയുന്നുണ്ട്.

മതേതര ശക്തികളുടെ വിശാല സഖ്യത്തിലൂടെയെ സംഘപരിവാറിനെ പരാജയപ്പെടുത്താനാകു എന്ന സമ്മതിക്കുമ്പോൾ തന്നെ സ്വതന്ത്രശക്തിയായി വളരണമെന്നത് ലക്ഷ്യമായി പറയുന്നത് പ്രായോഗിക രാഷ്ട്രീയസമീപനം അണോയെന്ന ചോദ്യം പാർട്ടി നേതാക്കൾ തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. 


ബി.ജെ.പിയേയും ഹിന്ദുത്വ ആശയങ്ങളെയും പരാജയപ്പെടുത്തുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമായി എല്ലാ മതേതര ശക്തികളെയും വർഗീയതക്കെതിരെ ഒരുമിച്ച് അണിനിരത്താൻ പാർ‌ട്ടി മുൻകൈ എടുക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നു. 


എന്നാൽ വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ വിജയം കാണണമെങ്കിൽ പാർട്ടി സ്വന്തം നിലയിലും  ഇടതുപക്ഷം കൂട്ടായും ശക്തിയാർജിക്കേണ്ടത് അനിവാര്യമാണ്.

ഹിന്ദു വർഗീയതക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കും എതിരായ പോരാട്ടങ്ങളെ സംയോജിപ്പിച്ച് കൊണ്ടുപോകണമെന്നും കരട് രാഷ്ട്രീയ പ്രമേയം നിർദ്ദേശിക്കുന്നുണ്ട്.


പാർലമെന്റിന് അകത്ത് തുടർന്നും ഇന്ത്യാ ബ്ലോക്കിലെ പാർട്ടികളുമായി സഹകരിക്കും. പാർലമെന്റിന് പുറത്ത് യോജിക്കാവുന്ന വിഷയങ്ങളിലും സഹകരിക്കും.


ഭരണഘടനയേയും രാജ്യത്തിന്റെ സ്ഥാപനങ്ങളേയും തകിടം മറിക്കാനും ഡ്രാക്കോണിയൻ നിയമങ്ങൾ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെയും വിയോജിപ്പുകളെയും ഇല്ലാതാക്കുന്നതിനും എതിരായ പോരാട്ടത്തിൽ എല്ലാ മതേതര ശക്തികളുമായും പാർട്ടി കൈകോർക്കുമെന്നും കരട് പ്രമേയം വ്യക്തമാക്കുന്നുണ്ട്.

സി.പി.എമ്മിന്റെ അടുത്ത മൂന്ന് വർഷത്തെ രാഷ്ട്രീയ ലൈനാണ് കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ചർച്ചയിലൂടെ പാർട്ടി കോൺഗ്രസ് തീരുമാനിക്കുക. 


അംഗങ്ങൾ മുതൽ നേതൃഘടകങ്ങൾ വരെ ഉളളവർക്ക് ഭേദഗതി നിർദ്ദേശിക്കാം. ഈ ഭേദഗതികൾ  കൂടി ചർച്ച ചെയ്താണ് പാർട്ടി കോൺഗ്രസ് രാഷ്ട്രീയ ലൈൻ അന്തിമമാക്കുക.


ഹിന്ദുത്വത്തെ ചെറുക്കാൻ പാർട്ടി നടപ്പിലാക്കേണ്ട  6 കർമ്മ പരിപാടികളും കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ടുവെക്കുന്നുണ്ട്. ഹിന്ദുത്വ ശക്തികളുടെ വിനാശകരമായ പ്രചാരണങ്ങളെയും പ്രവർത്തനങ്ങളെയും തുറന്നുകാട്ടുന്നതിനായി മൾട്ടി മീഡിയാ കാമ്പയിൻ നടത്തുന്നതിനായി എല്ലാ ബൗദ്ധിക സ്രോതസുകളും ഉപയോഗപ്പെടുത്തി പ്രചരണസാമഗ്രികൾ തയാറാക്കലാണ് ഒന്നാമത്തെ നിർദേശം. 

ഹിന്ദുത്വത്തിന് എതിരായ എല്ലാ പ്രചരണങ്ങളെയും ജനകീയ പ്രശ്നങ്ങൾക്ക് വേണ്ടിയും തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരായും നടത്തുന്ന പോരാട്ടങ്ങളുമായി സംയോജിപ്പിക്കുകയാണ് രണ്ടാമത്തെ നിർദ്ദേശം. 

പാർട്ടിയും ട്രേഡ് യൂണിയനുകളും വഴി തൊഴിലാളികൾക്കിടയിലും അവർ പാർക്കുന്ന സ്ഥലങ്ങളിലും സാമൂഹിക-സാംസ്കാരിക പരിപാടികളിലൂടെ വർഗീയ വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുക,വിദ്യാഭ്യാസ സംവിധാനത്തിൽ വർഗീയത കലർത്താനും ചരിത്രം തിരുത്തിയെഴുതാനുമുളള ശ്രമങ്ങളെ പ്രതിരോധിക്കൽ എന്നിവയും പാർട്ടി ഏറ്റെടുക്കേണ്ട കർമ്മ പരിപാടികളിൽ പെടുന്നു. 


മതവിശ്വാസവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മതത്തെ ദുരുപയോഗം ചെയ്യുന്നതും തമ്മിലുളള വ്യത്യാസം വിശദീകരിച്ചു കൊണ്ട് വിശ്വാസകൾക്കിടയിൽ പ്രവർത്തിക്കുക. 


ഉത്സവങ്ങളെയും സാമൂഹികമായ കൂടിച്ചേരലുകളെയും വർഗീയമായി ഉപയോഗിക്കുന്നത് തടയാൻ അത്തരം പരിപാടികളിലും സജീവമായി ഇടപെടൽ നടത്തുക എന്നിവയും പാർട്ടി ഏറ്റെടുക്കേണ്ട ദൗത്യമാകുന്നു.

മനുവാദത്തെയും വൈജ്ഞാനിക വ്യാപനത്തെ തടയുന്നതുമായ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ സാമൂഹിക സേവന പരിപാടികൾ, ജനകീയ സയൻസ് പ്രസ്ഥാനങ്ങൾ, മതേതര-ശാസ്ത്ര ചിന്തകളുടെ പ്രോത്സാഹനം തുടങ്ങിയ പരിപാടികളിൽ സജീവമാകണമെന്നും കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

Advertisment