ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഫെബ്രുവരി 13ന് നടക്കുമെന്ന് സൂചന.
ഫെബ്രുവരി 12 മുതൽ 14 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ട്രംപ് മോദിക്ക് അത്താഴ വിരുന്ന് നൽകാനും സാധ്യതയുണ്ട്.
ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിക്കു ശേഷം മോദി 12ന് വാഷിങ്ടനിൽ എത്തുമെന്നാണു വിവരം. ‘‘വൈറ്റ് ഹൗസിൽ ട്രംപും മോദിയും കൂടിക്കാഴ്ച നടത്തുന്നതിനെപ്പറ്റി ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും തന്ത്രപരമായ ബന്ധവും ശക്തിപ്പെടുത്തുകയാണു ലക്ഷ്യം’’– ജനുവരി 27ന് മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിനു ശേഷം വൈറ്റ് ഹൗസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടിരുന്നു.