ഡൽഹി: വീണ്ടും പശ്ചിമബംഗാളിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തിന് ബംഗ്ലാ എന്ന പേര് നൽകണമെന്ന് തൃണമൂൽ എംപി തബ്രത ബാനർജിയാണ് രാജ്യസഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടത്.
2018 ജൂലൈയിൽ പശ്ചിമബംഗാൾ നിയമസഭ സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കിയിരുന്നു. എന്നാൽ കേന്ദ്രം ഇത് അംഗീകരിച്ചില്ലെന്നും എംപി പറഞ്ഞു.
സംസ്ഥാനത്തിൻ്റെ ചരിത്രവും സംസ്കാരവും സ്വത്വവുമായി ബന്ധപ്പെട്ടാണ് പുതിയ പേരെന്നും ഇത് ജനങ്ങളുടെ ആഗ്രഹമാണെന്നും പേര് മാറ്റൽ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായും എംപി കൂട്ടിച്ചേർത്തു.
ഏറ്റവും അവസാനം പേര് മാറ്റിയ സംസ്ഥാനം ഒറീസയാണ്. 2011ലാണ് ഒറീസയുടെ പേര് ഒഡിഷ എന്നാക്കി മാറ്റിയത്. 1947ൽ ബംഗാളിനെ വിഭജിച്ച പ്പോൾ ഇന്ത്യ അതിർത്തിയിലുള്ള ഭാഗത്തിനെ പശ്ചിമബംഗാൾ എന്നും മറുവശത്തിനെ കിഴക്കൻ പാകിസ്ഥാൻ എന്നും വിളിച്ചു.
1971ൽ കിഴക്കൻ പാകിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമാകുകയും ബംഗ്ലാദേശ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അത് പോലെ ഇപ്പോൾ പശ്ചിമബംഗാളിന്റെയും പേര് മാറ്റാൻ സമയമായി. പശ്ചിമബംഗാളിലെ ജനങ്ങളുടെ ആവശ്യവും സാധിച്ച് കൊടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
1995ൽ ബോംബെ നഗരത്തിൻ്റെ പേര് മാറ്റി മുംബൈ എന്നും 1996ൽ മദ്രാസിന്റെ പേര് ചെന്നൈയെന്നും 2001ൽ കൽക്കട്ടയെ കൊൽക്കത്തയെന്നും ബാംഗ്ലരിനെ ബംഗളൂരു എന്നാക്കി മാറ്റിയിരുന്നു.