ഡൽഹി: കടൽ മണൽ ഖനനം പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമേ നത്തൂവെന്ന് കേന്ദ്ര സർക്കാർ. പ്രാഥമിക അനുമതി മാത്രമാണ് നൽകിയതെന്നും വിവിധ മന്ത്രാലയങ്ങളുടെ അനുമതി വീണ്ടും തേടണമെന്നുമാണ് വിശദീകരണം.
ഖനനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. കടൽ മണൽ ഖനനത്തിൽ ആശങ്ക അറിയിച്ച് കേരള സർക്കാരിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേരളത്തിലെ കടൽ മണൽ ഖനനത്തെക്കുറിച്ചുള്ള ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി മറുപടി നൽകിയത്.
കേരളത്തിൽ ഖനനം ചെയ്യുക നിർമാണ മണലാണന്നും 2002ലെ ചട്ടപ്രകാരം ജൈവവൈവിധ്യവും മത്സ്യത്തൊഴിലാളികളുടെ താല്പര്യവും സംരക്ഷിച്ചുകൊണ്ട് ഖനനം നടത്താമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.