ന്യൂഡല്‍ഹി: അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം പത്തുമണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ വിമാനക്കമ്പനി രംഗത്ത്.
ഷിക്കാഗോ ഒആര്‍ഡി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിങ് 777-337 ഇആര്‍ വിഭാഗത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് 10 മണിക്കൂറിലേറെ പറന്നശേഷം പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചിറങ്ങിയത്.
ശുചിമുറിയിലെ തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിശദീകരണം.
12 ശുചിമുറികളിലെ 11 എണ്ണവും തകരാറിലായി. യാത്രക്കാരുടെ അവസ്ഥ കണക്കിലെടുത്താണ് ഇങ്ങനെ തീരുമാനമെടുത്തതെന്നും എയര്‍ലൈന്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി.
ശുചിമുറികളില്‍ നിന്ന് പോവുന്ന പൈപ്പുകളിലെല്ലാം പോളിത്തീന്‍ കവര്‍, വലിയ തുണി,പുതപ്പ് മുതലായ അജൈവ വസ്തുക്കള്‍ കുടുങ്ങി കിടന്നതാണ് ശുചിമുറി പ്രവര്‍ത്തനരഹിതമാവാനുള്ള കാരണം.
ഇത്രയധികം മാലിന്യം കുടുങ്ങിയതിനാല്‍ ശുചിമുറികള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് തങ്ങള്‍ക്ക് പ്രയാസമുണ്ടാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.