ഡൽഹി: മ്യാൻമർ, തായ്ലൻഡ് അതിർത്തിയിൽ ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിയ 283 പേരെ വ്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ചു.
മ്യാൻമറിലെയും തായ്ലാൻഡിലെയും എംബസികളുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷിച്ചത്.
വ്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യാജ ജോലി വാഗ്ദാനം നൽകി സൈബർ കുറ്റകൃത്യങ്ങളുടെ ശൃംഖലയിൽ കുടുങ്ങിയ ഏകദേശം 540 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
ഇതിൽ 283 പൗരന്മാരെയാണ് തിരിച്ചെത്തിച്ചത്. ബാക്കിയുള്ളവരെ ചൊവ്വാഴ്ച മേ സോട്ടിൽ നിന്ന് രണ്ടാമത്തെ വിമാനം തിരികെ കൊണ്ടുവരും.
പൗരന്മാരെ വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി വശീകരിച്ച് തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ്യാൻമർ എന്നിവിടങ്ങളിലെ സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട വ്യാജ കോൾ സെന്ററുകളിലേക്ക് കൈമാറുകയായിരുന്നു.
മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ പ്രാദേശിക അധികാരികളുമായി യോജിച്ചാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.