/sathyam/media/media_files/2025/03/11/Dk6NOgzmt8H8r69zo1op.jpg)
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിലെന്ന് റിപ്പോർട്ട്. അസമിലെ ബൈർണിഹത്താണ് ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഡൽഹി, മുള്ളൻപൂർ (പഞ്ചാബ്), ഫരീദാബാദ്, ലോണി, ന്യൂഡൽഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ് പട്ടികയിലെ ആദ്യത്തെ 20 ൽ പെട്ട മറ്റ് ഇന്ത്യൻ നഗരങ്ങൾ.
ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡൽഹിയാണെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിൽ പറയുന്നു.
2024 ൽ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 2023 ൽ ഇന്ത്യ മൂന്നാമതായിരുന്നു. 2024 ൽ ഇന്ത്യയിലെ മലിനീകരണം നേരിയ തോതിൽ കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയിൽ വായുമലിനീകരണം ഗുരുതര ആരോഗ്യഭീഷണിയായി തുടരുകയാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.