കേരളത്തില്‍ സിപിഎം- ബിജെപി രാഷ്ട്രീയ അജണ്ടയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ ഗവര്‍ണര്‍ വിളിച്ച ഡല്‍ഹിയോഗത്തില്‍ തീന്‍മേശയ്ക്ക് ചുറ്റുമിരുന്ന് കെസി വേണുഗോപാല്‍ അടക്കമുള്ള കേരള എംപിമാര്‍. യോഗത്തോട് 'നോ' പറഞ്ഞ് നിലപാടെടുത്തത് കെ സുധാകരന്‍ മാത്രം. രാഷ്ട്രീയ അജണ്ട മനസിലാക്കാതെ യുഡിഎഫ് എംപിമാര്‍ ഗവർ‍ണറും മുഖ്യമന്ത്രിയും ഒരുക്കിയ കെണിയിൽ വീണതിനെതിരെ വ്യാപക വിമര്‍ശനം

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും ബി.ജെ.പിക്ക് വേണ്ടി ഗവർണറും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന നീക്കങ്ങളിൽ ഭാഗഭാക്കായത് രാഷ്ട്രിയ തിരച്ചടിയാകുമെന്നാണ് കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉയരുന്ന വിമർശനം.

New Update
governor pinarayi venugopal sudhakaran

ഡൽഹി : രാഷ്ട്രീയ അജണ്ടയോടെയെന്ന് ആക്ഷേപം ഉയർന്ന ഗവർണറുടെയും മുഖ്യമന്ത്രിയുടെയും യോഗത്തിലും അത്താഴ വിരുന്നിലും പങ്കെടുത്ത് യു.ഡി.എഫ് എം.പിമാർ വെട്ടിലായി. 

Advertisment

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും ബി.ജെ.പിക്ക് വേണ്ടി ഗവർണറും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന നീക്കങ്ങളിൽ ഭാഗഭാക്കായത് രാഷ്ട്രിയ തിരച്ചടിയാകുമെന്നാണ് കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉയരുന്ന വിമർശനം.


ഗവർ‍ണറും മുഖ്യമന്ത്രിയും ഒരുക്കിയ കെണിയിൽ വീണവരിൽ കോൺഗ്രസിന്റെ ദേശിയ നേതാവും ആലപ്പുഴ എം.പിയുമായ കെ.സി.വേണുഗോപാൽ മുതൽ എല്ലാവരുമുണ്ട്. 


അതേസമയം 'താനെന്തിന് പോകണം ?' എന്ന ചോദിച്ചു യോഗത്തിൽ പങ്കെടുക്കാതിരുന്ന കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വീണ്ടും നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു.

എല്ലാ പാർലമെന്റ് സമ്മേളനങ്ങൾക്ക് മുന്നോടിയായും മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന എം.പിമാരുടെ യോഗത്തിൽ നടക്കുന്ന ചർച്ചക്ക് അപ്പുറമുളള ഒന്നും ഗവർണറുടെ യോഗത്തിലും വിരുന്നിലും ഉണ്ടായില്ല. 


അത് മനസിലാക്കാതെ യോഗത്തിലും വിരുന്നിലും പങ്കെടുത്ത യു.ഡി.എഫ് എം.പിമാർ സ്വയം അപകടത്തിൽ ചാടുകയായിരുന്നു എന്നാണ് വലത് മുന്നണി ക്യാംപിൽ നിന്നുതന്നെ ഉയരുന്ന വിമർശനം.


കേരളത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ ഗവർണർ വിളിച്ച് ചേർക്കുന്ന യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കേരളവിരുദ്ധർ എന്ന ആക്ഷേപം കേൾക്കുമോയെന്ന ഭയമാണ് കെ.സി.വേണുഗോപാൽ അടക്കമുളള യു.ഡി.എഫ് എം.പിമാരെ അനുസരണയുളള കുട്ടികളെന്ന പോലെ ഗവർണർ ഒരുക്കിയ തീൻമേശക്ക് ചുറ്റും എത്തിച്ചത്.

ഗവർണറുടെ വിരുന്നിന്റെ രാഷ്ട്രീയം മനസിലാക്കുകയും തുറന്നുകാട്ടുകയും ചെയ്തുകൊണ്ട് കേരള വിരുദ്ധരെന്ന ആക്ഷേപത്തെ പ്രതിരോധിക്കാമായിരുന്നിട്ടും യു.ഡി.എഫ് എം.പിമാർ അതിനൊന്നും മിനക്കെട്ടില്ല. 


എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി മാത്രം വിരുന്നിനും ചർച്ചക്കും പോകാതെ വ്യത്യസ്തനായതും ചർച്ചയായി. 


വിരുന്നിന് പോകുന്നില്ലേയെന്ന് ഓർമ്മിപ്പിച്ചവരോട് അവർ വിളിക്കുമ്പോൾ താനെന്തിനാണ് പോകാൻ നിൽക്കേണ്ടതെന്ന മറുചോദ്യമാണ് കെ.സുധാകരൻ ഉന്നയിച്ചത്. 

അനാരോഗ്യം മൂലം ഓർമ്മക്കുറവ് അടക്കമുളള പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോപിച്ച് കൊണ്ട് കോൺഗ്രസ് നേതാക്കൾ മാറ്റമണമെന്ന് ആവശ്യപ്പെടുന്ന നേതാവിൽ നിന്ന് മാത്രമാണ് വിരുന്നിന്റെ ക്ഷണം നിരസിക്കാനുളള രാഷ്ട്രീയ വിവേകം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.


ആരോഗ്യ പ്രശ്നങ്ങൾക്കിടിയിലും കോൺഗ്രസിന്റെയും മുന്നണിയുടെയും രാഷ്ട്രീയവും ലക്ഷ്യവും സുധാകരന് കൈമോശം വന്നിട്ടില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 


മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും മുന്നിൽ നല്ലപിളള ചമയാനും വ്യക്തിപരമായി പ്രീതി നേടാനും ഉപയോഗിക്കുന്ന മറ്റ് എം.പിമാർക്ക് അതില്ലെന്നും ഈ സംഭവം വ്യക്തമാക്കി തരുന്നതായും കോൺഗ്രസ് നേതാക്കൾ തന്നെ ആക്ഷേപിക്കുന്നുണ്ട്.

പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവർണർ യോഗം വിളിച്ചതെന്നാണ് രാജ് ഭവന്റെ വിശദീകരണം. 


ഗവർണറുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണെന്നും രാജ് ഭവൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.


കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവർണർ ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിൽ സംസാരിച്ച എംപിമാരുടെ  ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാടുകൾക്ക് ഗവർണർ നന്ദിയും പറഞ്ഞു. 

ഗവർണറെ സംബന്ധിച്ച് അദ്ദേഹത്തിന് ഈ നീക്കത്തെ വിജയകരമായി ന്യായീകരിക്കാനും പോസറ്റീവ് ആയ നീക്കമായി അവതരിപ്പിക്കാനും കഴിയും. 


അദ്ദേഹത്തിന്റെ മികവും പ്രാപ്തിയും വ്യക്തമാക്കുന്നത് കൂടിയായിരുന്നു യോഗം. 


പക്ഷേ യു ഡി എഫിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയത്തിന് അതൊട്ടും ഉചിതമായില്ലെന്ന വിമർശനമാണ് മുന്നണിയ്ക്കുള്ളിൽ നിന്നും ഉയരുന്നത്.

രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, എം.കെ രാഘവൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, കെ.രാധാകൃഷ്ണൻ, ഹൈബി ഈഡൻ, കെ.സി വേണുഗോപാൽ, ആന്റോ ആന്റണി,  ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ.കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, എ.എ റഹിം, ജോസ് കെ.മാണി, ഹാരീസ് ബീരാൻ, പി.പി സുനീർ, പി.വി അബ്ദുൾ വഹാബ്, പി.ടി ഉഷ,ഡോ.വി.ശിവദാസൻ, ജെബി മേത്തർ, പി.സന്തോഷ്‌കുമാർ തുടങ്ങിയ എം.പിമാരാണ് ചർച്ചയിലും അത്താഴവിരുന്നിലും പങ്കെടുത്തത്. 


ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു. അദ്ദേഹം അതിനു ശേഷം നടന്ന ഗവർണർ - നിർമാലാ സീതാരാമൻ - പിണറായി വിജയൻ കൂടിക്കാഴ്ചയിലും മധ്യസ്ഥനായി ഉണ്ടായിരുന്നു.


 കെണിയിൽ വീണവരിൽ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഉൾപ്പെട്ടതോടെയാണ് മറ്റ് നേതാക്കൾ കേരളത്തിൽ പരസ്യ വിമർശനത്തിന് മുതിരാത്തത്. എന്നാൽ ഇത് പിന്നീട് അവസരം നോക്കി പ്രയോഗിക്കാനുള്ള ആയുധമായി പലരും കാണുന്നുണ്ട്.