ഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർധിപ്പിച്ച് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ്. കേന്ദ്ര സർക്കാർ നയങ്ങൾ സ്വകാര്യ കമ്പനികൾക്ക് എങ്ങനെയെല്ലാം ഗുണം ചെയ്തുവെന്ന് സിഎജി അന്വേഷിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ മനപ്പൂവർമായ അവഗണനയോ ഒത്തുകളിയോ ഉണ്ടായിട്ടുണ്ടോ എന്ന് കേന്ദ്ര വിജിലൻസ് കമ്മീഷനും സിബിഐയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നികുതി വർധിപ്പിച്ച് മോദി സർക്കാർ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നു. അതേസമയം പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള എണ്ണക്കമ്പനികൾ വൻതോതിൽ ലാഭമുണ്ടാക്കുകയാണ്. ഇത് തുറന്ന സാമ്പത്തിക ചൂഷണമാണെന്നും ജയറാം രമേശ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ 11 വർഷത്തിനിടെ പെട്രോളിയം മേഖലയിൽ നിന്ന് സർക്കാർ 39.54 ലക്ഷം കോടി രൂപ നേടിയെന്ന് ജയറാം രമേശ് പറഞ്ഞു. എന്നിട്ടും ജനങ്ങൾക്ക് ഒരു ആശ്വാസവും നൽകിയില്ല.
2014 മേയിൽ ക്രൂഡ് ഓയിൽ ബാരലിന് 108 ഡോളറായിരുന്നു. ഇന്ന് അത് 65.31 ഡോളറാണ്. അതായത് 40 ശതമാനം വില കുറഞ്ഞു. എന്നിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില യുപിഎ കാലത്തുള്ളതിനെക്കാൾ കൂടുതലാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.