ഡല്‍ഹി: പീഡനക്കേസിലെ ഇരയ്ക്കെതിരായ അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.
സമാന കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാര്‍ക്ക് ശ്രദ്ധവേണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പീഡനം ആരോപിച്ച കോളജ് വിദ്യാര്‍ത്ഥിനി സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചു വരുത്തിയതാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം.
കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് മാര്‍ച്ച് 11 നായിരുന്നു ഹൈക്കോടതി പരാമര്‍ശം നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമം അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു വിവാദ ഉത്തരവിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
എന്ത് സന്ദേശമാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ അലഹബാദ് ഹൈക്കോടതി നല്‍കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
മാര്‍ച്ച് 17 ലെ ഉത്തരവിനെതിരെ എടുത്ത കേസില്‍ വാദം കേള്‍ക്കുന്നത് ബെഞ്ച് നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഓരോ കേസിന്റേയും വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് ജഡ്ജിമാരുടെ വിവേചനാധികാരമാണ്.
എന്നാല്‍ പരാതിക്കാരിക്കെതിരെയുള്ള അനാവശ്യമായ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.