ഡൽഹി: പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ നൂതന മിസൈലുകളടക്കം ചൈന കൈമാറിയതായി റിപ്പോർട്ട്. ചൈനയുടെ പിഎൽ - 15 ദീർഘദൂര മിസൈലുകൾ പാകിസ്താന് കൈമാറിയതായാണ് റിപ്പോർട്ട്.
പാക് വ്യോമസേനയുടെ ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് 3 യുദ്ധവിമാനങ്ങളില്‍ പിഎൽ -15 ബിവിആർ മിസൈലുകൾ ഘടിപ്പിച്ച ചിത്രങ്ങൾ പുറത്തുവന്നു.
പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാറുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. പാകിസ്താന്‍റെ ഭീകരവിരുദ്ധ നടപടികളെ ചൈന പിന്തുണയ്ക്കുമെന്നാണ് വാങ് യി പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പാകിസ്താന് പിന്തുണയുണ്ടാകുമെന്ന് ചൈന അറിയിച്ചതായും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇരുപക്ഷവും സംയമനം പാലിച്ച് സംഘർഷങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കണമെന്നും വാങ് യി അറിയിച്ചു.