ഡൽഹി: ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ, രാജ്യത്ത് നാളെ 259 ഇടങ്ങളിലാണ് മോക്ഡ്രിൽ നടത്തുന്നത്. മൂന്ന് സിവിൽ ഡിഫൻസ് ഡിസ്ട്രിക്ടുകളാക്കിയാണ് മോക്ഡ്രിൽ.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും മോക്ഡ്രിൽ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സിവിൽ ഡിഫൻസ് ഡിസ്ട്രിക്ട് കാറ്റഗറി ഒന്നിൽ ഡൽഹി, മഹാരാഷ്ട്രയിലെ മുംബൈ, ഉരൻ, താരാപൂർ, ഗുജറാത്തിലെ സൂറത്ത്, വഡോദര, കക്രാപർ, ഒഡീഷയിലെ താൽച്ചർ, രാജസ്ഥാനിലെ കോട്ട, രാവത്-ഭാട്ട, യുപിയിലെ ബുലന്ദ്ഷഹർ എന്നിവിടങ്ങൾ ഉൾപ്പെടുന്നു.
കാറ്റഗറി രണ്ടിലാണ് കേരളവും ലക്ഷദ്വീപിലെ കവറത്തിയും ഉൾപ്പെടുന്നത്. ജമ്മു കശ്മീരിലെ 19 സ്ഥലങ്ങൾ ഉൾപ്പെടെ, മൊത്തം 210 സ്ഥലങ്ങളാണ് കാറ്റഗറി രണ്ടിലുള്ളത്.
കാറ്റഗറി മൂന്നിൽ കശ്മീരിലെ പുൽവാമ, ബിഹാറിലെ ബഗുസരായ്, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ്, പഞ്ചാബിലെ ഫരീദ്പൂർ, സാംഗ്രൂർ തുടങ്ങി 45 ഇടങ്ങളിലും മോക്ഡ്രിൽ നടക്കും.
പാകിസ്ഥാനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ, ആക്രമണം ഉണ്ടായാൽ നേരിടേണ്ട ഒരുക്കങ്ങളിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകിയിട്ടുള്ളത്.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകണം.
അടിയന്തര സാഹചര്യങ്ങളിൽ ബ്ലാക്ക് ഔട്ട് സംവിധാനങ്ങൾ ഒരുക്കുന്നതും സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതും പരിശീലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഒഴിപ്പിക്കൽ പദ്ധതി പരിഷ്‌കരിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അണക്കെട്ടുകളുടെ സുരക്ഷ വർധിപ്പിച്ചു.
വൈദ്യുതോത്പാദന, ജലസേചന അണക്കെട്ടുകളുടെയെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിക്കുന്നതു വരെ സുരക്ഷ ശക്തമായി തുടരാനാണ് തീരുമാനം.
പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് മോക്ഡ്രിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നൽകിയിരുന്നു.