/sathyam/media/media_files/2025/05/10/3FBhNByNAPZ472lXjRVs.jpg)
ഡൽഹി: നൂറുകണക്കിന് ഡ്രോണുകൾ തുരുതുരാ അയച്ച് ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി പരീക്ഷിച്ച് ഉറപ്പിച്ച ശേഷം, മിസൈലുകൾ തൊടുക്കാനുള്ള യുദ്ധതന്ത്രമാണ് പാകിസ്ഥാൻ പയറ്റുന്നത്.
എന്നാൽ ഡ്രോണുകളെല്ലാം തരിപ്പണമാക്കുകയും അവരുടെ ആധുനിക മിസൈൽ ആകാശത്ത് വച്ച് തകർക്കുകയും ചെയ്ത് പാകിസ്ഥാന് ചുട്ട മറുപടി നൽകുകയാണ് ഇന്ത്യ.
സംയമനത്തിൽ നിന്ന് മാറി സൈനിക വിന്യാസം കൂട്ടുകയും ഇനിയുള്ള ആക്രമണങ്ങൾ യുദ്ധം പോലെ കണക്കാക്കി തിരിച്ചടിക്കുമെന്നും ഇന്ത്യ പാകിസ്ഥാന് ശക്തമായ സന്ദേശം നൽകിക്കഴിഞ്ഞു.
ഇതിൽ നിന്നൊന്നും പാഠം പഠിക്കാതെ പകൽസമയത്തും അതിർത്തിയിൽ അതിശക്തമായ ഷെല്ലിംഗ് തുടരുകയാണ് പാകിസ്ഥാൻ.
ജമ്മു മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള 1,800 കിലോമീറ്റർ അതിർത്തിയിലാണ് പാകിസ്ഥാന്റെ പ്രകോപനം.
അതിർത്തി കടന്നുവന്ന പാകിസ്ഥാന്റെ ഡ്രോണുകളെല്ലാം ഇന്ത്യ നിർവീര്യമാക്കി. ലഡാക്കിലെ സിയാച്ചിൻ ബേസ് ക്യാമ്പ് മുതൽ ഗുജറാത്തിലെ കച്ച് പ്രദേശം വരെയുള്ള 36 ഇടങ്ങളിലാണ് ഡ്രോൺ ആക്രമണമുണ്ടായത്.
300-400 ഡ്രോണുകളിൽ ഭൂരിഭാഗവും സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്താനുള്ള ക്യാമറ ഘടിപ്പിച്ചവയായിരുന്നു. തുർക്കിയുടെ അസിസ്ഗാർഡ് ഡ്രോണുകളാണിവ. ഭട്ടിൻഡ വ്യോമതാവളം ലക്ഷ്യമിട്ട സായുധ ഡ്രോണിനെ സേന നിർവീര്യമാക്കി.
ഡി.ആർ.ഡി.ഒ സ്വന്തമായി വികസിപ്പിച്ച ആകാശ് പ്രതിരോധ സംവിധാനമുപയോഗിച്ചാണ് പാകിസ്ഥാന്റെ ആകാശ ഭീഷണിയെ ഇന്ത്യ നേരിടുന്നത്.
30കിലോമീറ്റർ പരിധിക്കുള്ളിൽ പറന്നു ചെന്ന് ലക്ഷ്യത്തെ തകർക്കാൻ ശേഷിയുള്ളതാണ് തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ.
അത്യാധുനിക റഡാറുകളുള്ളതിനാൽ ശത്രു ഡ്രോണുകളും മിസൈലുകളും 100കിലോമീറ്റർ അകലെ വച്ചുതന്നെ കണ്ടെത്തി ആകാശത്ത് വച്ചുതന്നെ തകർക്കാനാവും.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം രണ്ട് തരത്തിലുള്ളതാണ്. റഷ്യയിൽ നിന്നുള്ള എസ്-400 ആണ് ദീർഘദൂര മിസൈലുകളെയടക്കം തകർക്കാൻ ഉപയോഗിക്കുന്നത്. 400 കിലോമീറ്റർ ദൂരത്തു വച്ച് തന്നെ ഭീഷണികളെ തകർക്കാൻ ഇതിനാവും.
30കിലോമീറ്റർ അകലെ നിന്ന് തൊടുക്കുന്ന യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ ആകാശ് പ്രതിരോധ സംവിധാനത്തിന് കഴിയും.
60,000 അടി ഉയരത്തിൽ പാഞ്ഞുവന്നാലും ശത്രുവിന്റെ മിസൈലുകളും ഡ്രോണുകളും തകർക്കാൻ ഇവയ്ക്ക് കഴിയും.
യാത്രാവിമാനങ്ങളെ കവചമാക്കി ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഹീനതന്ത്രം പാകിസ്ഥാൻ പയറ്റുന്നതിനാൽ കരുതലോടെയാണ് പ്രത്യാക്രമണം.
എമിറേറ്റ്സ് എയർലൈൻ പോലും വ്യോമപാതയിൽ അനുവദിച്ചിരുന്നു. നമ്മുടെ മിസൈലുകൾ ലക്ഷ്യംതെറ്റി യാത്രാവിമാനത്തെ വീഴ്ത്തിയാൽ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് എതിരാവുമെന്ന് മുൻകൂട്ടി കണ്ടാണ് ഈ കുതന്ത്രം പാകിസ്ഥാൻ പയറ്റുന്നത്.
ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയ സമയത്ത് സിവിൽ വ്യോമാതിർത്തി തുറന്ന് അന്താരാഷ്ട്ര സർവീസുകൾ കടത്തിവിട്ട് നിരപരാധികളായ യാത്രക്കാരെ അപകടത്തിലാക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്.
അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളങ്ങൾ അടച്ച ഇന്ത്യ വ്യോമഗതാഗത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.