ഡൽഹി: കൗമാര പ്രണയ ബന്ധങ്ങൾ പോക്‌സോ നിയമത്തില്‍ കുറ്റകരമല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതിയുടെ നിർദേശം.
പ്രണയബന്ധങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെ പോക്‌സോ നിയമപ്രകാരം ജയിലിലേക്ക് അയയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങൾ കുറ്റകരമല്ലാതാക്കാനും നടപടികൾ പരിഗണിക്കണമെന്നും ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ വിദ്യാഭ്യാസത്തിനായി നയം രൂപീകരിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചത്.
വിഷയം പരിശോധിച്ച് ജൂലൈ 25-നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നിർദ്ദേശങ്ങൾ നൽകുമെന്ന് കോടതി അറിയിച്ചു.
14 വയസ്സുള്ളപ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പോക്സോ ചുമത്തി 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഭർത്താവിനെ സംരക്ഷിക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സ്ത്രീ നടത്തിയ നിയമപോരാട്ടമാണ് കോടതി ഉത്തരവിന് കാരണമായത്.
വിഷയത്തിൽ സഹായിക്കാൻ കോടതി രണ്ട് മുതിർന്ന വനിതാ അഭിഭാഷകരായ മാധവി ദിവാൻ, ലിസ് മാത്യു എന്നിവരെ കോടതി നിയമിച്ചിരുന്നു.
പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിലെ കൗമാരക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് അഭിഭാഷകർ നിർദ്ദേശിച്ചു.
പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പോക്സോ നിയമം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, കൗമാര ബന്ധങ്ങളുടെ കാര്യത്തിൽ അതിന്റെ കർശനമായ പ്രയോഗം പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.