ന്യൂഡൽഹി: ജഡ്ജിമാർ സർക്കാർ നിയമനങ്ങൾ സ്വീകരിക്കുന്നതിലും വിരമിച്ച ഉടനെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുമെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്.
ഇത്തരംരീതികൾ ഗുരുതരമായ ധാർമിക ചോദ്യങ്ങൾ ഉയർത്തുവെന്നും ജ്യഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കുന്ന നടപടിയാണെന്നും ബിആർ ഗവായ് പറഞ്ഞു.
ബ്രിട്ടീഷ് സുപ്രീം കോടതി സംഘടിപ്പിച്ച ജ്യൂഡീഷ്യറിയും സ്വാതന്ത്ര്യവും എന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
'ജഡ്ജിമാർ സർക്കാർ നിയമനം ഏറ്റെടുക്കുകയോ, വിരമിച്ച ഉടനെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയോ ചെയ്താൽ, അത് ജ്യൂഡീഷ്യറിയെ കുറിച്ച് ധാർമ്മിക ആശങ്കകൾ ഉയർത്തുകയും പൊതുജന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും' - ഗവായ് പറഞ്ഞു.
ഒരു രാഷ്ട്രീയ സ്ഥാനത്തേക്ക് ഒരു ജഡ്ജി മത്സരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് പൊതുജനങ്ങൾക്ക് സംശയങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു
വിരമിച്ച ശേഷമുള്ള ജഡ്ജിമാരുടെ അത്തരം ഇടപെടലുകളും ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തും.
ഭാവിയിലെ സർക്കാർ നിയമനങ്ങളുടെയോ രാഷ്ട്രീയ ഇടപെടലുകളുടെയോ സാധ്യത ജുഡീഷ്യൽ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന ധാരണ ഇത് സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു