ഡല്‍ഹി: റെയില്‍വെ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാര്‍ കാര്‍ഡുകളുമായി ഐആര്‍സിടിസി ( Indian Railways) അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത അക്കൗണ്ട് ഉടമകള്‍ക്ക് മുന്‍ഗണന.
തത്കാല്‍ ടിക്കറ്റ് വില്‍പ്പന സമയ സ്ലോട്ടുകളുടെ ആദ്യ 10 മിനിറ്റുകളിലാണ് ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് മുന്‍ഗണന ലഭിക്കുക.
ടിക്കറ്റ് ബുക്കിങ്ങില്‍ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് പുതിയ നീക്കമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
നിലവില്‍, തത്കാല്‍ വിന്‍ഡോ തുറക്കുന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ അംഗീകൃത ഐആര്‍സിടിസി ഏജന്റുമാര്‍ക്ക് പോലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമില്ല.
എന്നാല്‍ ഇനിമുതല്‍ തത്കാല്‍ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ 10 മിനിറ്റിനുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ക്ക് ബുക്കിങ്ങില്‍ മുന്‍ഗണന ലഭിക്കും.
ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പ്രത്യേക പരിശോധന നടത്താനും ഐആര്‍സിടിസി തീരുമാനിച്ചതായി റെയില്‍വേ അറിയിച്ചു. സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനം തടയാനാണ് നീക്കം.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോവുകള്‍ വഴി പ്രതിദിനം 2,25,000 യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. മെയ് 24 നും ജൂണ്‍ 2 നും ഇടയില്‍ ബുക്കിങ്ങ് വിന്‍ഡോ തുറന്നതിന് ശേഷമുള്ള ആദ്യ മിനിറ്റില്‍ ശരാശരി 1,08,000 എസി ക്ലാസ് ടിക്കറ്റുകളില്‍ 5,615 എണ്ണം മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ.
രണ്ടാം മിനിറ്റില്‍ 22,827 ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. എസി ക്ലാസില്‍, വിന്‍ഡോ തുറന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ ശരാശരി 67,159 ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. ഓണ്‍ലൈനായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെ കണക്കുകളില്‍ 62.5 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍.