ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജു ജനതാദൾ നേതാവും മുന്‍ എംപിയുമായ പിനാകി മിശ്രയാണ് വരന്‍.
മെയ് മൂന്നാം തീയതി ജര്‍മനിയില്‍ വച്ചായിരുന്നു വിവാഹമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടെ വിവാഹ ചിത്രവും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് മഹുവ. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി.
2019, 2024 തെരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജയിച്ചു.
മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.
ഒഡീഷയിലെ പുരി സ്വദേശിയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്‌ടോബര്‍ 23നാണ് ജനനം.
കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജെഡിയില്‍ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു.