ഡൽഹി: ഇലോൺ മസ്‌കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്നു. സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തന അനുമതി ലഭിക്കാനുള്ള ഘട്ടത്തിലാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) സ്റ്റാർലിങ്കിന് ഇതിനകം ഒരു ലെറ്റർ ഓഫ് ഇന്‍ററസ്റ്റ് (എൽഒഐ) നൽകിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍ററിൽ നിന്നുള്ള അന്തിമ പച്ചക്കൊടി മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് ദി പ്രിന്‍റിനെ ഉദ്ദരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറിൽ വളരുന്ന വൈവിധ്യത്തെ ഊന്നിപ്പറഞ്ഞ് ടെലികമ്മ്യൂണിക്കേഷന്‍റെ പൂച്ചെണ്ടിലെ മറ്റൊരു പുഷ്പം എന്ന് മന്ത്രി സാറ്റലൈറ്റ് ഇന്‍റർനെറ്റിനെ പരാമർശിച്ചതായി ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു.
മൊബൈൽ, ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റികൾക്ക് പുറമേ, ഉപഗ്രഹ കണക്റ്റിവിറ്റിയും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സിന്ധ്യ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഭൗതിക കേബിളുകൾ സ്ഥാപിക്കാൻ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിൽ ഇത് ഏറെ ഗുണം ചെയ്യും.