ഡൽഹി : ഭീകര വാദത്തിനെതിരെയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെയും ഈ മാസം പ്രചാരണ ക്യാമ്പയിൻ നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് സിപിഎം.
പഹൽഗാം സംഭവത്തിന് ശേഷം, രാജ്യത്തെ വർഗീയ ശക്തികൾ വിദ്വേഷ പ്രചരണം നടത്താൻ തുടങ്ങിയതായും വർഗീയ ശക്തികൾ പരോക്ഷമായി തീവ്രവാദികളെ സഹായിക്കുകയും ചെയ്യുന്നു എന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള വിദേശ പര്യടനത്തിന് സർവകക്ഷി പ്രതിനിധി സംഘത്തെ നിശ്ചയിച്ചപ്പോൾ പാർട്ടികളോട് കൂടിയാലോചന നടത്തിയില്ലെന്നും ഏതൊരു ഭീകരവാദത്തെയും ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ ആക്രമണമായി കണക്കാക്കുമെന്ന കേന്ദ്ര നിലപാട് തെറ്റാണെന്നും സിപിഎം പറയുന്നു.
ഇസ്രായേലിന് ആയുധം നൽകുന്ന നടപടി ഇന്ത്യ തിരുത്തണമെന്ന ആവശ്യവും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉയർത്തി. ഒപ്പം പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും അറിയിച്ചു.
ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ ഈദ് ആഘോഷിക്കുമ്പോൾ ഗാസയിലെ പലസ്തീനികൾ ഇസ്രായേൽ പട്ടാളം നടത്തുന്ന വംശഹത്യയുടെ ഭീകരതയിലാണെന്നും ഗാസയിലെ രണ്ടു ദശലക്ഷം മനുഷ്യരുടെ ഭക്ഷണം തടഞ്ഞുകൊണ്ട് പട്ടിണിക്കിടൽ ഒരു യുദ്ധ തന്ത്രമാക്കുകയാണ് ഇസ്രയേലിലെ തീവ്രവലതുപക്ഷ സർക്കാറെന്നും ബക്രീദ് ദിന സന്ദേശത്തിൽ ബേബി പറഞ്ഞു.
ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീകരതയാണ് നെതന്യാഹു സർക്കാർ നടത്തുന്നത്.
പെരുന്നാൾ ആഘോഷിക്കുമ്പോൾ ഗാസയിൽ വെടിയുണ്ടയുടെ ഭീഷണിയിൽ പട്ടിണിയിൽ കഴിയുന്നവരെക്കൂടെ നമുക്ക് ഓർക്കാമെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.