ന്യൂഡൽഹി: മധ്യപ്രദേശിൽ മതപരിവർത്തനമാരോപിച്ച് വീണ്ടും ക്രൈസ്തവർക്കെതിരെ ക്രൂര പീഡനമഴിച്ചുവിട്ട് ഹിന്ദുത്വ ശക്തികൾ. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ നേപ്പാനഗർ ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
പാസ്റ്റുടെ വീട്ടിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ദളിത് വിഭാഗത്തിൽ പെട്ട് ക്രൈസ്തവ വിശ്വാസികളായ നാല് യുവാക്കളെ നഗ്നരാക്കി നടത്തിച്ച സംഭവമാണ് പുറത്ത് വന്നിട്ടുള്ളത്. 150ലധികം വരുന്ന തീവ്ര ഹിന്ദുത്വ പ്രവർത്തകരാണ് ഈ ഹീനകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം 22ന് ഞായറാഴ്ച നേപ്പാ നഗറിലെ പാസ്റ്ററായ ഗൊഖാരിയ സോളങ്കിയുടെ വീട്ടിൽ രാത്രി നടന്ന പ്രാർത്ഥനാ ചടങ്ങിൽ ഈ നാല് ദലിത് യുവാക്കൾ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഇവരെ നഗ്‌നരായി നടത്തിച്ചുള്ള ശിക്ഷ നടപ്പാക്കിയത്. തീവ്രഹിന്ദുത്വ പ്രവർത്തകർ വീട്ടിലേക്ക് ഇരച്ചു കയറി പ്രാർത്ഥനക്കെത്തിയവരെ അടിച്ചോടിക്കുകയായിരുന്നു.
പാസ്റ്റർ സോളങ്കിയടക്കം നാല് പേർക്ക് ഗുരുതര പരിക്കേറ്റു. മർദ്ദന ശേഷം അക്രമികൾ തങ്ങളെ പിടികൂടി വസ്ത്രങ്ങൾ അഴിച്ചു മാറ്റി തെരുവിലൂടെ നടത്തിച്ചതായി പാസ്റ്റർ ഗൊഖാരിയ സോളങ്കി പറഞ്ഞു. ഇതിന് ശേഷം തൊട്ടടുത്ത ക്ഷേത്രത്തിന് മുന്നിൽ കൊണ്ട് പോയി വിഗ്രഹത്തിന് മുന്നിൽ തൊഴുത് നിർത്തിച്ചു. ഇവരെ നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് പാസ്റ്റർ അടക്കമുള്ളവർക്കെതിരെ മത പരിവർത്തന ആരോപണമാണ് ഹിന്ദുത്വശക്തികൾ ഉന്നയിച്ചിട്ടുള്ളത്. ഇവർ പൊലീസിൽ ഏൽപ്പിച്ച് മൂന്ന് പേരെ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജയിലായവരുടെ ജാമ്യത്തിനായി ശ്രമിക്കയാണെന്നും, അക്രമികൾക്കെതിരെ ജയിലിലായവരുടെ ഭാര്യമാർ പൊലീസിലും ജില്ലാ കലക്ടർക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പാസ്റ്റർ സോളങ്കി അറിയിച്ചു.
ബി.ജെ.പിയുടെ ഭരണത്തിൽ കീഴിലുള്ള മധ്യപ്രദേശിൽ ക്രൈസ്തവർക്കെതിരെ തുടരെ ആക്രമണമുണ്ടാകുന്നതിൽ ക്രൈസ്തവ സമൂഹം ആശങ്കയിലാണ്. ഇക്കഴിഞ്ഞ മാർച്ചിൽ പൊലീസിന്റെ സാന്നിധ്യത്തിൽ രണ്ട് മലയാളി കത്തോലിക്ക വൈദികരെ തല്ലിച്ചതച്ച സംഭവം പാർലമെന്റിൽ ഉന്നയിച്ചിട്ടും ഇതുവരെ തുടർനടപടികളെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
വ്യാജ മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ പൊലീസ് ജയിലിലാക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പതിവ് കാഴ്ച്ചയായി മാറിയിട്ടുണ്ട്. നിരവധി പേരാണ് ഇത്തരത്തിൽ ജയിലുകളിലുള്ളത്. ഇതിനെതിരെ പൊലീസിലോ ഭരണകൂട സംവിധാനങ്ങളിലോ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് 18 ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം നേതാക്കൾ പറയുന്നു.
ഈ വർഷത്തെ ആദ്യ അഞ്ചു മാസത്തിനിടയിൽ രാജ്യത്ത് ക്രൈസ്തവർക്ക് നേരെ 313 അതിക്രമങ്ങൾ ഉണ്ടായതായാണ് യു.സി.എഫിന്റെ(യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം) കണക്ക്. അതായത് പ്രതിദിനം ശരാശരി രണ്ട് ക്രിസ്ത്യാനികൾ വീതം രാജ്യത്ത് ആക്രമിക്കപ്പെടുന്നു എന്നാണ് യുസിഎഫിന്റെ ഹെൽപ്പ് ലൈനിൽ ലഭിക്കുന്ന പരാതികൾ സൂചിപ്പിക്കുന്നത്.
ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ വേട്ട സ്ഥിരമായി നടക്കുന്നത്. ഭരണകൂട ഒത്താശയോടെയാണ് ഈ അതിക്രമങ്ങൾ അരങ്ങേറുന്നത്.