ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണത്തിന് ഭാഗമായി ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്നുമുതൽ നിയന്ത്രണം.
10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്നുമുതൽ ഇന്ധനം നൽകില്ല.
ഇത്തരം വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി 350 പെട്രോൾ പമ്പുകളിൽ ട്രാഫിക് പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങൾ പിടിച്ചെടുക്കുകയോ വാഹന ഉടമയ്ക്ക് പിഴ ചുമത്തുകയോ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇന്ധന പമ്പുകള്‍ക്കെതിരെയും നടപടിയെടുക്കും.
1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 192 പ്രകാരം ഇന്ധന പമ്പ് നടത്തിപ്പുകാർക്കെതിരെ പിഴ ചുമത്തും.
പഴയ വാഹനങ്ങൾ തിരിച്ചറിയാൻ പമ്പുകളിൽ എഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.നമ്പർ പ്ലേറ്റ് നോക്കി ക്യാമറ വാഹനത്തിന്റെ പഴക്കം കണ്ടെത്തും.
പഴയ വാഹനമാണെങ്കിൽ അക്കാര്യം പമ്പിലുള്ള ലൗഡ് സ്പീക്കറിലൂടെ വോയിസ് മെസേജായി അറിയിക്കുകയും ചെയ്യും.
ഇതോടെ വാഹന ഉടമ കുടുങ്ങും.ഒന്നുകിൽ ഉദ്യോഗസ്ഥർ വാഹനം സ്‌ക്രാപ്പിങ് സെന്ററിലേക്ക് കൊണ്ടുപോകുകയോ പിഴ ഈടാക്കുകയോ ചെയ്യും.
ഡൽഹിയിൽ മാത്രമല്ല,ഏത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും നിയമം ബാധകമാണെന്നും അധികൃതർ അറിയിച്ചു.
അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടതി നിർദേശ പ്രകാരമാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്.
2018 ലാണ് സുപ്രിം കോടതി ഡൽഹിയിൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്.
2014-ലെ ദേശീയ ഹരിത ട്രൈബ്യൂണൽ ( NGT ) ഉത്തരവ് പ്രകാരം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.