ന്യൂഡൽഹി: ഓണത്തിന് അധിക അരിയില്ലെന്ന് കേന്ദ്രം അറിയിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഒരു കാർഡിന് അധികം അഞ്ചു കിലോ അരി നൽകാനായിരുന്നു ആവശ്യപ്പെട്ടത്.
എന്നാൽ വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
നിർത്തിവെച്ച ഗോതമ്പും ലഭിക്കില്ല. മണ്ണെണ്ണ കരാറുകാർ പിന്മാറിയതിനാൽ വിതരണം തടസ്സപ്പെട്ട മണ്ണെണ്ണ ഉടൻ വിട്ടുകിട്ടുമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷമായി മണ്ണെണ്ണ ലഭിക്കുന്നുണ്ടായിരുന്നില്ല.
ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തും. കേരളത്തിൽ എത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും ദില്ലിയിലുള്ള മന്ത്രി അറിയിച്ചു.