ന്യുഡൽഹി: നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്, ട്രെയിൻ ട്രാക്കിങ് എല്ലാം ലഭ്യമാകുന്ന റെയിൽ വൺ (RailOne) ആപ്പ് റെയിൽവേ പുറത്തിറക്കി.
വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചിരുന്ന സേവനങ്ങളും ഈ ആപ്പിൽ ലഭ്യമാകും. പരാതികളും ആപ്പിലൂടെ അറിയിക്കാം.
പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമുകളിലും ആപ് ലഭ്യമാണ്. ഐആർസിടിസി അക്കൗണ്ട് വഴിയും ലോഗിൻ ചെയ്യാം.
റെയിൽവേ ഇ–വാലറ്റ് സംവിധാനവും ലഭ്യമാണ്. വളരെ കുറച്ച് വിവിരങ്ങൾ നൽകി ഗസ്റ്റ് ലോഗിനും ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്.
സങ്കീർണതകൾ ഒഴിവാക്കി ബുക്കിങ്ങും സൗകര്യപ്പെടും. എന്നാൽ തത്കാൽ ബുക്കിങ്ങിന് ഈ ആപ്പിലും ആധാർ ഒതന്റിഫിക്കേഷൻ വേണം.
എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാം. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നിലവിൽ വിവിധ സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കണം.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയിൽ കണക്റ്റ്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്ക് നൽകുന്നതിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി യുടിഎസ്, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയാണ് മുമ്പ് യാത്രക്കാർ ഉപയോഗിച്ചിരുന്നത്.
എന്നാൽ എല്ലാം ഒരുകുടക്കീഴിൽ എന്നതാണ് റെയിൽവണ്ണിന്റെ പ്രത്യേകത.