ഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട് നൽകാൻ 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ സിബിഐ അറസ്റ്റ് ചെയ്തു.
ഛത്തീസ്ഗഡിലെ ഒരു സ്വകാര്യ മെഡിക്കൽ മെഡിക്കൽ കോളേജിന് വേണ്ടിയായിരുന്നു ഇവർ പണം വാങ്ങി റിപ്പോർട്ട് നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ നാൽപതിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഛത്തീസ്ഗഡിലെ നവ റായ്പൂരിലുള്ള ശ്രീ റവാത്പുര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിന്റെ അംഗീകാരത്തിന് വേണ്ടി നടത്തിയ പരിശോധനയിലാണ് അഴിമതി നടന്നെന്ന് സിബിഐ കണ്ടെത്തിയത്.
ഡോക്ടർമാർക്ക് പുറമെ ഈ കേസുമായി ബന്ധപ്പെട്ട അഴിമതി ശൃംഖലയിൽ ഉൾപ്പടുന്ന മറ്റ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
പണം വാങ്ങി മെഡിക്കൽ കോളേജിന് അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കി നൽകുകയായിരുന്നു. കോളേജിനും പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടർമാർക്കും ഇടനിലക്കാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിബിഐ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഡോക്ടർമാർ ആവശ്യപ്പെട്ടത് പ്രകാരം 55 ലക്ഷം രൂപയുടെ കൈക്കൂലി കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്.
ബംഗളുരുവിൽ വെച്ചാണ് പണം കൈമാറിയതെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയ്ക്കെത്തിയ ഡോക്ടർമാരും മെഡിക്കൽ കോളേജ് അധികൃതരും തമ്മിൽ അനധികൃത ഇടപാടുകൾ നടക്കുന്നുണ്ടെന്ന് സിബിഐക്ക് വിവരം ലഭിക്കുകയായിരുന്നു.
തുടർന്നാണ് ഇവരെ കുടുക്കാൻ കെണിയൊരുക്കിയത്. പണം കൈമാറുന്ന സമയത്ത് തന്നെ തെളിവ് സഹിതം എല്ലാവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചു.