ന്യൂഡൽഹി: കോവിഡ് വാക്സിനുകളും ഹൃദയാഘാതം മൂലമുള്ള പെട്ടെന്നുള്ള മരണങ്ങളുടെ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
സംഭവവുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. ജീവിതശൈലിയും നിലവിലുള്ള രോഗാവസ്ഥയുമാകാം കാരണമെന്നാണ് ഐസിഎംആർ, ഡല്‍ഹി എയിംസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
18നും -45 വയസിനുമിടയിൽ പ്രായമുള്ളവരിലെ മരണവുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കോവിഡ് വാക്സിൻ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നുവെന്ന പ്രചാരണം തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
'കോവിഡിനു ശേഷമുള്ള മുതിർന്നവരിലെ പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും എയിംസും നടത്തിയ വിപുലമായ പഠനങ്ങളില്‍ കോവിഡ്-19 വാക്സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കോവിഡ്-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ'; കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജനിതകപരമായ പ്രശ്നങ്ങള്‍, ജീവിതശൈലി, മുൻകാല രോഗാവസ്ഥകള്‍, പോസ്റ്റ് കോവിഡ് സങ്കീർണതകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങള്‍ മൂലവും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾ സംഭവിക്കാമെന്നും കേന്ദ്രം പറയുന്നു.
കോവിഡ് വാക്സിനേഷനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിന് ശാസ്ത്രീയമായ അടിത്തറകളില്ലെന്നും കേന്ദ്രം പറയുന്നു.
2020 മുതൽ ഹൃദയാഘാതം മൂലം നിരവധി യുവാക്കൾ ഹൃദയാഘാതം മൂലം മരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് ഇതിന് കോവിഡ് വാക്സിനുമായി ബന്ധമുണ്ടെന്ന രീതിയില്‍ പ്രചാരണം നടന്നത്.
അതിനിടെ, കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഹാസനിലെ ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്സിനുമായി ബന്ധമുണ്ടെന്ന തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ആഗോളതലത്തിൽ നടത്തിയ പഠനങ്ങളിൽ കോവിഡ് വാക്‌സിനും ഹൃദയസംബന്ധമായ പഠനങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്.
അതിവേഗത്തിൽ കോവിഡ് വാക്‌സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വാക്‌സിനേഷനു ശേഷമുള്ള ഫലങ്ങളും സംസ്ഥാനവ്യാപകമായി ചെറുപ്പക്കാർ മരിക്കുന്നതിനെക്കുറിച്ചും പഠിക്കാൻ ഫെബ്രുവരിയിൽ വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.