ഡൽഹി: രാജ്യത്ത് 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടരുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജന ജീവിതം സാധാരണ നിലയിലാണെങ്കിലും ചിലയിടങ്ങളിൽ ട്രെയിനടക്കം തടയുന്ന സാഹചര്യമുണ്ട്.
അതേ സമയം, ബംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിലാണ്. ഓട്ടോ, ടാക്സികൾ സർവീസ് നടത്തുന്നുണ്ട്.
ബംഗളുരുവിൽ ബിഎംടിസി ബസുകളും മറ്റ് സ്വകാര്യ ബസ് സർവീസുകളും മുടക്കമില്ലാതെ തുടരുന്നു. അതേ സമയം, ബാങ്കിംഗ് സേവനങ്ങളും പോസ്റ്റ് ഓഫീസ് അടക്കമുള്ള മറ്റു സേവനങ്ങളും തടസ്സപ്പെട്ടേക്കും.
വൈദ്യുതി വകുപ്പിലെ ജീവനക്കാർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസപ്പെടില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. ഐടി മേഖലയിലെ യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.
എന്നാൽ ഐടി പാർക്കുകളുടെയും സ്പെഷ്യൽ എക്കണോമിക്സ് സോണുകളുടെയും പ്രവർത്തനം സാധാരണ നിലയിൽ തുടരും. പത്തുമണിക്ക് ഫ്രീഡം പാർക്കിൽ ഇടത് അനുകൂല ഐടി യൂണിയൻ്റെ പ്രതിഷേധം നടക്കും.
രാജ്യത്ത് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആർജെഡി കോൺഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറിൽ പണിമുടക്ക് ശക്തമായി തുടരുകയാണ്.
ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു. പശ്ചിമ ബംഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു.
സില്ലിഗുരിയിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധിക്കുകയാണ്. അതേ സമയം, ഹൈദരാബാദിലും വിജയവാഡയിലും ജനജീവിതം സാധാരണ നിലയിൽ തുടരുകയാണ്.
ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ തുടരുകയാണ്. സർക്കാർ- സ്വകാര്യ ബസുകൾ പതിവുപോലെ നിരത്തിൽ ഓടുന്നുണ്ട്. ചെന്നൈയിൽ പണിമുടക്ക് ഓട്ടോ, ടാക്സി സർവീസുകളെ ബാധിച്ചിട്ടില്ല.