ന്യൂഡൽഹി: ബി.ജെ.പി ഭരണത്തിൻ കീഴിൽ രാജ്യത്ത് ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മാർപാപ്പയുടെ ഇടപെടൽ തേടി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു.സി.എഫ്).
ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ വത്തിക്കാൻ പ്രതിനിധിയും സെക്രട്ടറി ഫോർ റിലേഷൻസ് വിത്ത് സ്റ്റേറ്റ്സിനുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗറിനാണ് യു.സി.എഫ് ദേശീയ കോർഡിനേറ്റർ ഒപ്പിട്ട നിവേദനം ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോ കൈമാറിയത്.
രാജ്യത്ത് നടക്കുന്ന ക്രൈസ്തവ വേട്ടയുടെ ഞെട്ടിക്കുന്ന കണക്കുകൾ സഹിതമാണ് വത്തിക്കാൻ പ്രതിനിധിക്ക് ആറ് പേജടങ്ങുന്ന പരാതി നൽകിയിട്ടുള്ളത്.
/filters:format(webp)/sathyam/media/media_files/2025/07/18/arch-bishop-gallagar-2025-07-18-16-15-36.jpg)
20 കാര്യങ്ങളാണ് പരാതിയിൽ അക്കമിട്ട് നിരത്തിയിട്ടുള്ളത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ഛത്തിസ്ഗഡിലുമാണ് ഏറെ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും നിവേദനത്തിൽ പറയുന്നു.
ഛത്തീസ്ഗഡിലെ പട്ടിക വർഗ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും ഇതിൽ വിവരിച്ചിട്ടുണ്ട്. മതപരിവർത്ത നിരോധന നിയമങ്ങളുടെ മറവിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിക്കുകയാണെന്നും നിയമപരമായ മതാചാരപ്രകാരമുള്ള പ്രാർത്ഥനകളെ ക്രിമിനൽവൽക്കരിച്ച് ഉപദ്രവിക്കുകയാണെന്നും ഇതിൽ വ്യക്തമാക്കുന്നു.
യോഗി ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിലുള്ള ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലും നടക്കുന്ന സംഭവങ്ങളും വിവരിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഛത്തീഗഡിലാണ് ഏറെ അക്രമങ്ങൾ ഉണ്ടായതെന്നും, 2023ൽ 734, 2024ൽ 834 അതിക്രമങ്ങളും രാജ്യത്താകെ ഉണ്ടായതായി നിവേദനത്തിൽ യു.സി.എഫ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഒരു നിവേദനം രാജ്യത്തെ ഒരു ക്രൈസ്തവ സംഘടനയും പുരോഹിതനും ചേർന്ന് വത്തിക്കാന് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്.
ആദിവാസികൾക്കും ദലിതർക്കും നേരെ നടന്ന നീതി രഹിത്യത്തിന്റേയും കണക്കുകൾ യു.സി.എഫ് വ്യക്തമാക്കുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും അനുമതി ലഭിക്കാത്ത അവസ്ഥയെക്കുറിച്ചും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചു ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകാൻ ക്രിസ്ത്യാനികളായ ആദിവാസികൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതായുള്ള കാര്യങ്ങളും ഇതിൽ വിശദീകരിക്കുന്നു.
ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങളിൽ കുട്ടികളും സ്ത്രീകളും ഇരയാവുന്നതും പതിവാണെന്നും മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം വ്യാപകമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവരുടെ ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ നിരന്തര അതിക്രമങ്ങളാണ് ഉണ്ടാവുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന വിഷയങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിൽ ചർച്ചകൾ നടക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലെ ക്രിസ്ത്യാനികളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുയെന്ന ലക്ഷ്യത്തോ ടെ 2014ൽ രൂപീകരിച്ച ഇന്ത്യയിലെ ക്രിസ്ത്യൻ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം.
ഇന്ത്യയിലെ ക്രൈസ്തവർക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും വിവിധ പ്രശ്‌നങ്ങളിൽ നീതി ലഭ്യമാക്കുന്നതിനും നിയമ പരമായ പിന്തുണ നൽകുന്നതിനും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.