ന്യൂഡൽഹി: വിവാഹമോചനവുമായി ബന്ധപ്പെട്ട് മുൻ ഭർത്താവിനെയും ഭർതൃപിതാവിനെയും കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രിംകോടതി.
നിലവിലുള്ള കേസുകളെല്ലാം റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
വ്യാജ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തതിനെത്തുടർന്ന് മുൻ ഭർത്താവിനും ഭർതൃവീട്ടുകാർക്കും നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് നിരുപാധികമായി പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
2018 മുതൽ വേർപിരിഞ്ഞ് താമസിക്കുന്ന ഇവരുടെ വിവാഹമോചനം ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെയും ജസ്റ്റിസ് എ.ജി. മാസിഹിന്റെയും ബെഞ്ച് ശരിവെച്ചു.
മകൾ അമ്മയോടൊപ്പം താമസിക്കണമെന്നും ഭർത്താവിനും കുടുംബാംഗങ്ങൾക്കും അവരെ കാണാൻ അവസരമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടർന്ന് മുൻഭർത്താവിന് 109 ദിവസവും പിതാവിന് 103 ദിവസവും ജയിലിൽ കിടക്കേണ്ടി വന്നതായി കോടതി വിധിയിൽ പറയുന്നു.
'അവർ അനുഭവിച്ച കഷ്ടപ്പാട് ഒരു തരത്തിലും നികത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
'സ്ത്രീയും മാതാപിതാക്കളും ഭർത്താവിനോടും കുടുംബാംഗങ്ങളോടും നിരുപാധികം ക്ഷമാപണം നടത്തണം. മാപ്പപേക്ഷ ഇംഗ്ലീഷ്, ഹിന്ദി പത്രത്തിന്റെ ദേശീയ പതിപ്പിൽ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൂടാതെ മൂന്ന് ദിവസത്തിനുള്ളിൽ ക്ഷമാപണം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, മറ്റ് സമാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലും പോസ്റ്റ് ചെയ്യണമെന്നും ജഡ്ജിമാർ വ്യക്തമാക്കി.
വെറുതെ മാപ്പ് പറഞ്ഞാൽ പേരെന്നും കോടതി നിർദേശിക്കുന്ന പോലെയാകണം അതെന്നും ഉത്തരവിലുണ്ട്.
കൂടാതെ ഭാര്യയുടെ മാപ്പപേക്ഷ ഭർത്താവോ കുടുംബമോ മറ്റെവിടെയെങ്കിലും ഉപയോഗിക്കാനോ വെല്ലുവിളിക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഏതെങ്കിലും വിധത്തിൽ ഉത്തരവ് ലംഘിക്കുന്നത് കോടതിയോടുള്ള അവഹേളനമായി കണക്കാക്കുമെന്നും ജഡ്ജിമാര്‍ അറിയിച്ചു.
ഭർത്താവിനും കുടുംബത്തിനുമെതിരെ പുതിയ നടപടിയെടുക്കാൻ ഔദ്യോഗികമായ പദവിയോ അധികാരമോ സഹപ്രവർത്തകരുടെ അധികാരമോ ദുരുപയോഗം കോടതി സ്ത്രീക്ക് മുന്നറിയിപ്പ് നൽകി.
വിവാഹമോചനത്തിനും ജീവനാംശത്തിനും വേണ്ടി ഭർത്താവിനും കുടുംബത്തിനും എതിരെ പ്രത്യേക ക്രിമിനൽ കേസുകളും കുടുംബ കോടതിയിൽ ഒരു സമാന്തര കേസും ഉദ്യോഗസ്ഥ ഫയൽ ചെയ്തിരുന്നു. ഇതെല്ലാം സുപ്രിംകോടതി റദ്ദാക്കിയിട്ടുണ്ട്