/sathyam/media/media_files/2025/07/29/images1484-2025-07-29-09-53-07.jpg)
ശ്രീഹരിക്കോട്ട: ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന എൻ ഐ സാർ (NISAR) കൃത്രിമ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം നാളെ.
ലോകത്ത് ഇന്നേവരെ നിർമ്മിക്കപ്പെട്ടവയിൽ വച്ച് ഏറ്റവും മികച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമെന്ന് എൻ ഐ സാറിനെ വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാകില്ല.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആർഒയും അമേരിക്കയുടെ നാസയും ചേർന്ന് നിർമിച്ച ഉപഗ്രഹം യാദൃശ്ചികമായാണെങ്കിലും മുണ്ടക്കൈ ഉരുൾപൊട്ടലിന്‍റെ ഓർമ്മദിനത്തിലാണ് വിക്ഷേപിക്കുന്നത്.
നാസ- ഐഎസ്ആർഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ് എന്നാണ് എൻ ഐ സാർ ഉപഗ്രഹത്തിന്‍റെ പൂര്‍ണ രൂപം.
ഭൂമിയിലെ ചെറു മാറ്റങ്ങൾ പോലും തിരിച്ചറിയാനും രേഖപ്പെടുത്താനും കെൽപ്പുള്ള ഒരു അസാധാരണ ഉപഗ്രഹമാണ് നൈസാര്‍.
ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം എൻ ഐ സാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ പതിയും.
കടലിലെ മാറ്റങ്ങളും, പുഴകളുടെ ഒഴുക്കും തീര ശോഷണവും മണ്ണൊലിപ്പും ഒപ്പിയെടുക്കും. കാട്ടുതീകളും, ഹിമാനികളുടെ ചലനവും, മഞ്ഞുപാളികളുടെ മാറ്റവും തിരിച്ചറിയും.
തീർന്നില്ല കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈർപ്പം, വിളകളുടെ വളർച്ച വനങ്ങളിലെ പച്ചപ്പുമെല്ലാം സൂക്ഷ്‌മമായി നിരീക്ഷിക്കാനും നൈസാര്‍ സാറ്റ്‌ലൈറ്റിന് കെൽപ്പുണ്ട്.
എന്‍ ഐ സാര്‍ ഉപഗ്രഹം. രാപ്പകൽ ഭേദമില്ലാതെ വിവരശേഖരണം നടത്തും. മേഘങ്ങളോ മഴയോ എൻഐസാറിന് ഒരു തടസമല്ല.
പേരിൽ തന്നെയുള്ള സിന്തറ്റിക് അപേർച്ചർ റഡാർ സാങ്കേതിക വിദ്യയാണ് എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ കരുത്ത്.
എൻ ഐ സാറിൽ നിന്നുള്ള മൈക്രോവേവ് തരംഗങ്ങൾ ഭൂമിയിൽ തൊട്ട് പ്രതിഫലിച്ച് തിരികെയെത്തും.
തിരിച്ചെത്തുന്ന തരംഗങ്ങളിലെ മാറ്റങ്ങൾ ഭൂപ്രദേശത്തെ ഫോട്ടോഗ്രാഫുകളെക്കാൾ നന്നായി രേഖപ്പെടുത്തും.
രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്. ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും, നാസയുടെ എൽ ബാൻഡ് റഡാറും. എസ് ബാൻഡ് റഡാറിന് തരംഗദൈർഘ്യം കുറവാണ്.
അതുകൊണ്ടുതന്നെ പ്രതലത്തിലെ ചെറു മാറ്റങ്ങൾ പോലും ഒപ്പിയെടുക്കും. എൽ ബാൻഡ് റഡാറിന്‍റെ ഉയർന്ന തരംഗദൈർഘ്യം കൂടുതൽ ആഴത്തിലേക്കിറങ്ങി ചെല്ലും മണ്ണിനടിയിലേക്കും, വൃക്ഷത്തലപ്പുകൾക്ക് താഴേക്കും കടന്നുചെല്ലും.
രണ്ട് റഡാറുകളിൽ നിന്നുള്ള വിവരങ്ങളും ചേർത്താൽ കൂടുതൽ കൃത്യതയോടെയും മിഴിവോടെയും വിവരശേഖരണം നടത്താം.