ഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾക്ക് ചുറ്റും കണ്ടെത്തിയ വൻ എണ്ണ നിക്ഷേപം കണ്ടെത്താനുള്ള പര്യവേഷണങ്ങൾ പുരോഗമിക്കുന്നു. ആൻഡമാൻ കടലിൽ 184,440 കോടി ലിറ്റർ അസംസ്കൃത എണ്ണ നിക്ഷേപം കണ്ടെത്തിയെന്ന് കേന്ദ്രം വെളിപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ കുതിച്ചു ചാട്ടമുണ്ടാക്കുന്നതാണ്. ഒ.എൻ.ജി.സിയുടെ മേൽനോട്ടത്തിൽ അവിടെ പര്യവേഷണം പുരോഗമിക്കുകയാണ്.
ആൻഡമാനിലെ പര്യവേക്ഷണം വിജയിച്ചാൽ, ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കഴിയും. രാജ്യത്തെ അസംസ്കൃത എണ്ണയുടെ 85% ത്തിലധികവും അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന് വാങ്ങുകയാണ്. റഷ്യ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതിയേറെയും. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഏറ്റവും അധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.
ആൻഡമാൻ – നിക്കോബാർ ദ്വീപുകൾക്ക് ചുറ്റും വൻതോതിൽ ഇന്ധനശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയായിരുന്നു വെളിപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യസഭയിൽ ജോൺബ്രിട്ടാസ് വിവരങ്ങൾ തേടിയെങ്കിലും കേന്ദ്രം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
ഇന്ധനശേഖരം ഉണ്ടെന്ന് കരുതുന്ന സ്ഥലം, ശേഖരത്തിന്റെ അളവ്, കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ പരിശോധനകൾ, വാണിജ്യപരമായ ഉപയോഗത്തിന് എടുക്കുന്ന സമയപരിധി എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ നൽകിയില്ല.
ആൻഡമാൻ ബേസിന് സമീപം ഹൈഡ്രോകാർബണുകളുടെ വലിയ കണ്ടെത്തലുണ്ടെന്നതിന് ഏതെങ്കിലും വ്യക്തമായ കണക്കുകളോ തെളിവുകളോ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് ഇതെന്നാണ് വിലയിരുത്തൽ.
ആൻഡമാൻ ദ്വീപ സമൂഹങ്ങളിൽ മുമ്പ് നിരോധിത മേഖലയായിരുന്ന ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം തുറന്നു കൊടുക്കുകയും അവിടെ അൾട്രാ-ഡീപ്പ് വാട്ടർ ഡ്രില്ലിംഗ് സർക്കാർ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യാൻ ഉതകുന്ന ഇന്ധനശേഖരം അവിടെയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
സുമാത്രയിലും മ്യാൻമറിലും വാതകനിക്ഷേപങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആൻഡമാൻ പ്രദേശത്തും ഇന്ധനശേഖരത്തിനുള്ള സാധ്യതയുള്ളതായി സർക്കാർ കണക്കാക്കിയത്. 2015 മുതൽ രാജ്യത്തുടനീളം ആകെ 172 ഹൈഡ്രോകാർബൺ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 62 എണ്ണം ഓഫ്ഷോർ പ്രദേശങ്ങളിലാണ്.
ആൻഡമാൻ ബേസിനിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരുതൽ ശേഖരം ഇതുവരെ ഉറപ്പാക്കപ്പെട്ടിട്ടില്ലെങ്കിലും, ഈ കണ്ടെത്തലുകൾ മേഖലയിലെ വ്യവസ്ഥാപിത പര്യവേക്ഷണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കുന്നു. നാല് ഓഫ്ഷോർ സ്ട്രാറ്റിഗ്രാഫിക് കിണറുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിൽ ഒന്ന് ആൻഡമാൻ-നിക്കോബാർ ബേസിനിലായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതിനിടെ കൊല്ലം തീരത്തും എണ്ണ കണ്ടെത്താനുള്ള ശ്രമങ്ങൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇന്ധന പര്യവേക്ഷണം. ഇതിനായി യു.കെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിംഗുമായി ഓയിൽ ഇന്ത്യ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.
ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ റിഗായ ബ്ലാക്ക്ഫോർഡ് ഡോൾഫിൻ ഉപയോഗിച്ച് ഇന്ധന പര്യവേക്ഷണം നടത്താനാണ് ഓയിൽ ഇന്ത്യയുമായുള്ള കരാർ. നൈജീരിയയിൽ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ബ്ലാക്ക്ഫോർഡ് ഡോൾഫിൻ അവിടത്തെ തർക്കത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ച് ജൂലായ് ആദ്യം ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു.
6000 മീറ്റർ ആഴത്തിൽ പര്യവേക്ഷണ കിണർ കുഴിച്ചായിരിക്കും കൊല്ലത്തെ ഇന്ധന പര്യവേഷണം. കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും ഇതിനുള്ള സഹായം നൽകുക. ഇന്ധനം കണ്ടെത്തിയാൽ വമ്പൻ നേട്ടമായിരിക്കും ഉണ്ടാവുക.
കൊല്ലം തീരത്തുനിന്നു 30-40 കിലോമീറ്റര്‍ അകലെയാകും പര്യവേഷണം നടക്കുക. 1,287 കോടി രൂപയ്ക്കാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ് ഡോൾഫിൻ ഡ്രില്ലിങ്ങുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. തീരത്തുനിന്ന് 48 കിലോമീറ്റർ അകലെ അന്താരാഷ്ട്ര കപ്പൽച്ചാലിനു പുറത്ത് ആറ് കിലോമീറ്റർ താഴ്ചയിലാണ് പര്യവേക്ഷണം.
മൂന്നിലേറെ നിലകളിലായി ഒരുക്കുന്ന റിഗ്ഗിൽ വിവിധ ഷിഫ്റ്റുകളിലായി നൂറിലേറെ ജീവനക്കാരുണ്ടാകും. കടലിൽ 80 മീറ്റർ താഴ്ചയിലാണ് പദ്ധതിഭാഗത്ത് എണ്ണപര്യവേക്ഷണക്കിണർ തുറക്കുക. ഓരോ ഇഞ്ചും കുഴിക്കാനും വൻ പണച്ചെലവു വരുമെന്നതിനാൽ പെട്രോളിയം മന്ത്രാലയത്തിന്റെ കർശന മേൽനോട്ടത്തിലാണ് കുഴിക്കുന്നത്.
ലാഭകരമാണെങ്കിലേ പര്യവേക്ഷണം തുടരൂ. ഇന്ത്യയിൽ ബോംബെ ഹൈയിലാണ് എണ്ണഖനനം കുറച്ചെങ്കിലും ഫലപ്രദമായി നടക്കുന്നത്. നേരത്തേ ഒ.എൻ.ജി.സി.യുടെ നേതൃത്വത്തിൽ കൊച്ചിയിൽ എണ്ണയ്ക്കായി പര്യവേക്ഷണം നടത്തിയെങ്കിലും പിന്നീട് ലാഭകരമല്ലെന്നു കണ്ട് പദ്ധതി ഉപേക്ഷിച്ചിരുന്നു.