/sathyam/media/media_files/2025/07/30/images1544-2025-07-30-22-17-17.jpg)
ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വെ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്ത് റെയില്‍ ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഇതിനായി റെയില്‍വെ നെറ്റ്‌വര്‍ക്കിന്റെ വികസനത്തിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യാറാക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചു.
ഷൊര്‍ണൂര്‍ - എറണാകുളം, എറണാകുളം - കായംകുളം, കായംകുളം - തിരുവനന്തപുരം, തിരുവനന്തപുരം - നാഗര്‍കോവില്‍, ഷൊര്‍ണൂര്‍ - മംഗളൂരു, റൂട്ടില്‍ മൂന്നാം പാതയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഷൊര്‍ണൂര്‍ - കോയമ്പത്തൂര്‍ പാതയില്‍ മൂന്ന് - നാല് പാതകള്‍ ആണ് പദ്ധതിയിടുന്നത്, ഇതിന്റെയും ഡിപിആര്‍ പുരോഗമിക്കുകയാണ് എന്നും കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു.
കേരളത്തിലെ റെയില്‍വെ വികസനത്തിന് തിരിച്ചടിയായത് കോണ്‍ഗ്രസിന്റെ നടപടികളാണെന്നും ആശ്വനി വൈഷ്ണവ് കുറ്റപ്പെടുത്തി.
കേരളത്തിലെ റെയില്‍വെ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ എങ്ങനെയാണ് ശ്രമിക്കുന്നതെന്ന് വിശദമാക്കാം എന്ന പരാമര്‍ശത്തോടെ ആയിരുന്നു അശ്വിനി വൈഷ്ണവ് ഡിപിആര്‍ വിവരങ്ങള്‍ പങ്കുവച്ചത്.
പുതിയ ട്രെയിനുകള്‍ കൊണ്ടുവരണമെങ്കില്‍ റെയില്‍വേ ട്രാക്കുകളുടെ ശേഷി വര്‍ധിപ്പിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ റെയില്‍വേ ശൃംഖലയുടെയും വികസനത്തിനുള്ള ഡിപിആര്‍ തയ്യാറാക്കല്‍ ഏറ്റെടുത്തിരിക്കുകയാണ്.
60 വര്‍ഷം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസ് കേരളത്തിന് വേണ്ടി എന്താണ് ചെയ്തത് എന്നും റെയില്‍വെ മന്ത്രി ചോദിച്ചു.