/sathyam/media/media_files/2025/07/31/kerala-nun-untitledrainncr-2025-07-31-12-26-03.jpg)
ന്യൂഡൽഹി: ചത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾകളുടെ ജാമ്യത്തിനായി ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയെന്ന് യുഡിഎഫ് എംപിമാർ.
ജാമ്യ അപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും അമിത് ഷാ അറിയിച്ചു. കന്യാസ്ത്രീകൾ നാളെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.
അറസ്റ്റിനു പിന്നിൽ ഗൂഢാലോചനയെന്ന് കന്യാസ്ത്രീകളുടെ കുടുംബം മീഡിയവണിനോട് പറഞ്ഞു.
ഛത്തീസ്ഗഡ് മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരാകും.
അഭിഭാഷകനുമായി റായ്പൂർ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ പൂമുറ്റം, റോജി എം. ജോൺ എംഎൽഎ, സിസ്റ്റർ നിത്യ എന്നിവർ കൂടിക്കാഴ്ച നടത്തി.
യുഡിഎഫ് എംപിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അമിത് ഷായുടെ ഉറപ്പ്. അന്വേഷണം എൻഐഎക്ക് വിടില്ലെന്നും കന്യാസ്ത്രീകൾ നിരപരാധികളെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞുവെന്നും യുഡിഎഫ് എംപിമാർ വ്യക്തമാക്കി.
നിയമനടപടികൾ സങ്കീർണമാകും എന്നതിനാൽ പ്രത്യേക എൻഐഎ കോടതിയെ സമീപിക്കേണ്ട എന്നാണ് നിലവിലെ തീരുമാനം. അറസ്റ്റിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതിനിടെ കന്യാസ്ത്രീകളെ തുറങ്കിലടച്ചതിൽ പ്രതിഷേധം ശക്തമാവുകയാണ്. പാർലമെൻ്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ ഇൻഡ്യ സഖ്യ എംപിമാർ പ്രതിഷേധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ തേടി ഇടതുപക്ഷ എംപിമാർ നിവേദനം നൽകിയിട്ടുണ്ട്.