/sathyam/media/media_files/2024/12/05/eYEOsdc5p0p2z47gvsl1.jpg)
ഡൽഹി: കേരളത്തിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് 200 കിലോമീറ്റർ വേഗത്തിലുള്ള സിൽവർ ലൈൻ തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോൾ മുംബയ്‌ക്കും അഹമ്മദാബാദിനും ഇടയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ അതിവേഗം പുരോഗമിക്കുകയാണ്.
പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ മുംബയ്- അഹമ്മദാബാദ് യാത്രാ സമയം വെറും 2 മണിക്കൂർ 7 മിനിറ്റ് (127 മിനിറ്റ്) ആയി കുറയും.
സർവീസിനുള്ള നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് വ്യക്തമാക്കി.
ഗുജറാത്തിൽ വാപിക്കും സബർമതിക്കും ഇടയിലുള്ള പാത 2027 ഡിസംബറോടെ പൂർത്തിയാക്കും. ബാക്കി ഭാഗം 2029 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.
പദ്ധതിക്ക് 1,08,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുംബയ്‌ക്കും അഹമ്മദാബാദിനും ഇടയിൽ 12 സ്റ്റേഷനുകളുണ്ടാകും.
ബുള്ളറ്റ് ട്രെയിൻ പാതയ്‌ക്കായുള്ള അതിവേഗ ട്രെയിനുകളുടെ രൂപകൽപ്പന, നിർമ്മാണം എന്നിവയ്‌ക്കുള്ള കരാർ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് നൽകിയിരുന്നു.
ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ രാജ്യത്ത് അതിവേഗ ട്രെയിൻ യാത്ര കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ അല്ലെങ്കിലും അതിവേഗ ട്രെയിൻ ലഭിക്കാനിടയുണ്ട്.
അയൽ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ചെന്നൈ–ബെംഗളൂരു–മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നുണ്ട്.
ഇത് കേരളത്തിലേക്ക് വ്യാപിപ്പിക്കാനും ഇടയുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് 435 കിലോമീറ്റർ ദൂരം പുതിയ പാത നിർമിക്കുന്നത്.
9 സ്റ്റേഷനുകളുള്ള പാതയിൽ ട്രെയിനുകളുടെ വേഗം 250–350 കിലോമീറ്റർ വരെയായിരിക്കും.
കർണാടകയുടെയും തമിഴ്നാടിന്റെ തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ പാത ഇരു സംസ്ഥാനങ്ങളുടെയും വ്യവസായ സാമ്പത്തിക വളർച്ചയ്ക്കും ആക്കം കൂട്ടും.
അതിവേഗ പാതയിൽ ചെന്നൈയിൽ നിന്ന് മൈസൂരു വരെ 2 മണിക്കൂർ 25മിനിറ്റ് കൊണ്ടും ചെന്നൈ–ബെംഗളൂരു ദൂരം ഒന്നര മണിക്കൂർ കൊണ്ടും എത്താം.
നിലവിൽ ഈ റൂട്ടിലെ വേഗമേറിയ ട്രെയിനായ ചെന്നൈ–മൈസൂരു വന്ദേഭാരത് എക്സ്പ്രസിന് മൈസൂരു വരെ 500 കിലോമീറ്റർ ഓടിയെത്താൻ 6 മണിക്കൂർ 30 മിനിറ്റും ബെംഗളൂരു വരെ 4മണിക്കൂർ 20 മിനിറ്റും വേണ്ടിവരുന്നുണ്ട്.
അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിലേക്കു നീട്ടണമെന് കർണാടകം ആവശ്യപ്പെടുന്നുണ്ട്.
മൈസൂരു–ബെംഗളൂരു–ചെന്നൈ അതിവേഗ റെയിൽ പദ്ധതിക്ക് തുടർച്ചയായി അഹമ്മദാബാദ്–മുംബൈ പാതയും മാറും.
ഇതോടെ 5 സംസ്ഥാനങ്ങളുടെ വാണിജ്യ വ്യവസായ വികസനത്തിന് അതിവേഗ പാത സൗകര്യമൊരുക്കും.
അഹമ്മദാബാദ്– മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ ആകെ ചെലവ് 1.08 ലക്ഷം കോടി രൂപയാണ്.
ഇതിൽ 10,000 കോടി രൂപ കേന്ദ്രസർക്കാരും 5000 കോടി രൂപ വീതം മഹാരാഷ്ട്ര സർക്കാരും ഗുജറാത്ത് സർക്കാരും ചേർന്നാണ് മുടക്കുന്നത്.
ശേഷിക്കുന്നതു വായ്പയാണ്. നിലവിൽ 67000 കോടി രൂപ പദ്ധതിക്കായി ചെലവിട്ട് കഴിഞ്ഞു. പദ്ധതി പൂർത്തിയായാകുന്നതോടെ പുതിയൊരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കപ്പെടും.
മുംബൈയും ഗുജറാത്തിലെ അഹമ്മദാബാദും ഒറ്റ നഗരത്തിന് തുല്യമായി മാറും.
രണ്ടര മണിക്കൂറിനുള്ളിൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിലെത്താവുന്ന ലിമിറ്റഡ് സ്റ്റോപ് ട്രെയിനുകളും വരും.
സമാനമായി കേരളത്തിൽ തിരുവനന്തപുരം- കാസർകോട് അതിവേഗ ട്രെയിനുകൾ അനുവദിച്ചാൽ കേരളം ഒറ്റ നഗരമായി മാറും.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200കിലോമീറ്റർ വേഗത്തിൽ ട്രെയിനോടിക്കാൻ ഇ.ശ്രീധരൻ തയ്യാറാക്കിയ പദ്ധതി കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
അതിവേഗ പാതയിൽ ട്രെയിനോടിക്കുന്നത് ലിമിറ്റഡ് സ്റ്റോപ്പായല്ല. എല്ലാ നഗരങ്ങളെയും ബന്ധിപ്പിച്ച് 30കിലോമീറ്റർ ഇടവിട്ട് സ്റ്റോപ്പുള്ള ട്രെയിനോടിക്കാനാണ് പദ്ധതി.
200 കിലോമീറ്റർ പരമാവധി വേഗമുള്ള അതിവേഗ റെയിൽ ഇടനാഴിയാണ് വേണ്ടതെന്നാണ് ഇ.ശ്രീധരൻ പറയുന്നത്.
സിൽവർലൈന് വേണ്ടിയിരുന്നതിന്റെ മൂന്നിലൊന്ന് ഭൂമി പുതിയപാതയ്ക്കായി ഏറ്റെടുത്താൽ മതിയാവും. തൂണുകൾക്ക് മുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് പാത.
തൂണുകൾ നിർമ്മിച്ചശേഷം, ഭൂമി ഉടമകൾക്ക് വിട്ടുനൽകാം. അവിടെ കൃഷിയും കാലിവളർത്തലുമടക്കം നടത്താം.
എന്നാൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും വലിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ടാവും.
തൂണുകൾക്ക് മുകളിലെ റെയിൽപ്പാതയായതിനാൽ ജനങ്ങളുടെ സഞ്ചാരത്തിന് തടസമുണ്ടാവില്ല. അതിവേഗപാത പൂർണമായി യാത്രാട്രെയിനുകൾക്കായിരിക്കണം.
ചരക്കുട്രെയിനുകൾ ഓടിക്കരുത്. 160കി.മി വേഗതയുള്ള വന്ദേഭാരതിന് കേരളത്തിൽ പരമാവധിവേഗം 110കി.മിയാണ്.
അതിവേഗപാത വരുന്നതോടെ കേരളത്തിലെ യാത്രാസംസ്കാരം മാറുമെന്നും റോഡപകടങ്ങളും മരണങ്ങളും ഗണ്യമായി കുറയും.
ഒരു വേഗപ്പാത 9ലൈൻ ഹൈവേയ്ക്ക് തുല്യമാണ്. അടുത്തുതന്നെ കേന്ദ്രറെയിൽവേ മന്ത്രിയെക്കണ്ട് പദ്ധതിയെക്കുറിച്ച് വിവരിക്കുമെന്നും ഉറപ്പായും അനുമതി കിട്ടുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.