ന്യൂഡല്‍ഹി: ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.
'യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ താങ്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമോ' എന്ന് കോടതി ചോദിച്ചു. നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്. ?.
എന്തുകൊണ്ടാണ് ഈ വിവരം പാര്‍ലമെന്റില്‍ ഉന്നയിക്കാതിരുന്നതെന്നും സുപ്രീംകോടതി രാഹുല്‍ഗാന്ധിയോട് ചോദിച്ചു
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിവാദപ്രസ്താവനയില്‍ രാഹുലിനെ വിമര്‍ശിച്ചത്.
'2,000 ചതുരശ്ര കിലോമീറ്റര്‍ ചൈന ഏറ്റെടുത്തുവെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? വിശ്വസനീയമായ വസ്തുത എന്താണ്? ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ഇങ്ങനെ പറയില്ല.
അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍, നിങ്ങള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? പാര്‍ലമെന്റില്‍ നിങ്ങള്‍ എന്തുകൊണ്ട് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചില്ല?' സുപ്രീംകോടതി ചോദിച്ചു.
'നിങ്ങള്‍ പ്രതിപക്ഷ നേതാവാണ്. അതിര്‍ത്തി സംഘര്‍ഷം നടക്കുമ്പോള്‍ ഇത്തരമൊരു പദവിയിലിരിക്കുന്ന രാഹുല്‍ഗാന്ധി അത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു'വെന്നും കോടതി അഭിപ്രായപ്പെട്ടു.
'സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞ താങ്കള്‍ എന്തു കൊണ്ട് അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചില്ല?. പാര്‍ലമെന്റിലല്ലേ താങ്കള്‍ അത് പറയേണ്ടിയിരുന്നതെന്നും' സുപ്രീംകോടതി ചോദിച്ചു.
'ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം ഉത്തരവാദിത്തമില്ലാതെ എന്തും വിളിച്ചുപറയാനുള്ള അനുവാദമല്ലെന്ന്', വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
'പ്രതിപക്ഷ നേതാവെന്ന നിലയില്‍ അത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍, ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ചോദിച്ചു.
രാഹുല്‍ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിലെ തുടര്‍നടപടികള്‍ക്ക് തല്‍ക്കാലത്തേക്ക് സ്‌റ്റേ അനുവദിച്ച സുപ്രീംകോടതി, കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചു.
2022 ഡിസംബര്‍ 16 ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനയാണ് കേസിന് ആധാരം.
മുന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച മാനനഷ്ട പരാതി നിലവില്‍ ലഖ്നൗ കോടതിയില്‍ പരിഗണനയിലാണ്.