ഡൽഹി: പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു. ആസിഫ് ഖുറേഷിയാണ് (42) കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്താണ് സംഭവം. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.തന്‍റെ വീടിന്‍റെ പ്രധാന കവാടത്തിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മാറ്റി പാര്‍ക്ക് ചെയ്യാൻ രണ്ട് യുവാക്കളോട് പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കേറ്റത്തിൽ തുടങ്ങിയ തര്‍ക്കം വഷളാവുകയായിരുന്നു. ആദ്യം രണ്ടുപേരും സ്ഥലം വിട്ടെങ്കിലും തിരിച്ചുവരുമെന്ന് ഭീഷണിപ്പെടുത്തി, തുടർന്ന് തിരികെയത്തി ആസിഫിനെ കൊലപ്പെടുത്തുകയായിരുന്നു.
തലസ്ഥാനത്ത് ചിക്കൻ ബിസിനസ് നടത്തുകയാണ് ആസിഫ്. രണ്ടു ഭാര്യമാരുണ്ട്. ഇവരിൽ ഒരാൾ പറഞ്ഞതിനെ തുടര്‍ന്ന് പാർക്കിങ് പ്രശ്നത്തിന്‍റെ പേരിൽ അയൽക്കാർ മുമ്പ് അദ്ദേഹവുമായി വഴക്കിട്ടിരുന്നു."ഏകദേശം രാത്രി 9:30-10 ന്, ഒരു അയൽക്കാരൻ ഞങ്ങളുടെ വീടിന് പുറത്ത് ഒരു സ്കൂട്ടർ പാർക്ക് ചെയ്തു... എന്‍റെ ഭർത്താവ് ആസിഫ് വാഹനം മാറ്റാൻ ആവശ്യപ്പെട്ടു.
ആ മനുഷ്യൻ ആസിഫിനെ അധിക്ഷേപിക്കുകയും തിരികെ വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു " ആസിഫിന്‍റെ ഭാര്യമാരിലൊരാളായ ഷഹീൻ പറഞ്ഞു. മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടാണ് ആസിഫിനെ ആക്രമിച്ചത്.
അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് നടി ഹുമ ഖുറേഷി പ്രതികരിച്ചിട്ടില്ല. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.