ന്യൂഡല്‍ഹി: കേരളത്തിൽ സിപിഎം കാണിക്കുന്ന വോട്ടർപട്ടിക അട്ടിമറിയുടെ അഖിലേന്ത്യാ പതിപ്പാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
ബിഹാറിലും കര്‍ണാടയിലും മഹാരാഷ്ട്രയിലും ബിജെപി അട്ടിമറി നടത്തി. ബിജെപി സര്‍ക്കാറിന് അടുത്ത തെരഞ്ഞെടുപ്പിന് അവരുദ്ദേശിക്കുന്ന ആളുകളെ കടത്തിക്കൊണ്ടുവരണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
'കേരളത്തിലെ വോട്ടർ പട്ടികയിലും കള്ളവോട്ട് വ്യാപകമാണ്. അതിന്‍റെ ഭാഗമായാണ് തൃശൂരിലും നടന്നത്.
അവിടെ മത്സരിച്ച സിപിഐയുടെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയും കള്ളവോട്ടുകള്‍ നടന്നുവെന്ന് പറയുന്നു. ആറ്റിങ്ങൽ വര്‍ഷങ്ങളായി സിപിഎം ജയിച്ചുവരുന്ന മണ്ഡലമാണ്.
ഒരാള്‍ക്ക് തന്നെ രണ്ടുമൂന്നും വോട്ടുകളുണ്ട്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ ഞാന്‍ മത്സരിക്കുന്ന സമയത്തും ആളുകള്‍ വന്ന് വിരലിലെ മഷി മായ്ക്കുന്ന സാധനം ചോദിച്ച് അടുത്ത് ആളുകള്‍ വന്നിരുന്നു.
വോട്ട് ചെയ്ത് ബൂത്തിൽ നിന്നിറങ്ങി മഷിയടയാളം ഇല്ലാതാക്കുന്ന രാസവസ്തുവിൻ്റെ കോഡ് 'ജനാധിപത്യം'' എന്നാണെന്ന് അന്നാണ് ഞാനറിയുന്നത്. കേരളത്തിലെ വോട്ടർപട്ടികയിലെ അട്ടിമറി രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.