ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ കടുത്ത വിമർശനമാണ് രാജ്നാഥ് സിങ് ഉയർത്തിയത്. ഇന്ത്യയുടെ പുരോഗതി ചിലർക്കു ദഹിക്കുന്നില്ലെന്നു അദ്ദേഹം ട്രംപിനെ പരോക്ഷമായി കുറ്റപ്പെടുത്തി. ഇന്ത്യ വൻ ശക്തിയാകുന്നതിനെ ആർക്കും തടയാനാവില്ലെന്നും പറഞ്ഞു.
'എല്ലാവരുടേയും ബോസാണ് ഞാനെന്നാണ് ചിലർ കരുതുന്നത്. അത്തരക്കാർക്ക് ഇന്ത്യയുടെ വളർച്ച സഹിക്കുന്നില്ല. ഇന്ത്യൻ ഉത്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അവയ്ക്ക് വില കൂട്ടാനുള്ള ശ്രമം നടക്കുന്നു.
ഒരു ശക്തിക്കും ഇന്ത്യ കരുത്താർജിക്കുന്നതിനെ തടയാനാകില്ല'- രാജ്നാഥ് സിങ് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തദ്ദേശീയ ഉപകരണങ്ങളാണ് ഉപയോഗിച്ചത്. അത് വിജയത്തിൽ നിർണായകമായെന്നു പ്രതിരോധ മന്ത്രി വ്യക്തമാക്കി. മുൻപ് വിമാനങ്ങളും ആയുധങ്ങളുമെല്ലാം വിദേശത്തു നിന്നു വാങ്ങുകയായിരുന്നു.
എന്നാൽ ഇന്ന് അവയെല്ലാം രാജ്യത്തു തന്നെ നിർമിക്കുന്നു. മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.