/sathyam/media/media_files/2025/05/03/KSWmmha4K4Y4cd3QNOjz.jpg)
പറ്റ്ന: ബിഹാറിലെ വോട്ടുകൾ മോഷ്ടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപി ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്.
ബിജെപി നേതാക്കൾക്ക് രണ്ട് വോട്ടര്‍ ഐഡികള്‍ നേടാൻ കമ്മീഷന്‍ സഹായിക്കുന്നുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. മുസാഫർപൂർ മേയർ നിർമ്മല ദേവിക്ക് ഇരട്ട വോട്ടർ ഐഡി കാർഡുകളുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
''മുസാഫർപൂർ മേയറായ നിര്‍മ്മല ദേവി, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യതയേറെയാണ്. കരട് വോട്ടർ പട്ടിക പ്രകാരം ഒരു മണ്ഡലത്തിലെ രണ്ട് വ്യത്യസ്ത ബൂത്തുകളിലായി രണ്ട് വോട്ടർ ഐഡി കാർഡുകളാണ് ഇവരുടെ കൈവശമുള്ളത്.
അതിശയകരമെന്നു പറയട്ടെ, അവരുടെ രണ്ട് കുടുംബാംഗങ്ങൾക്കും ഇതുപോലെ വ്യത്യസ്ത വോട്ടര്‍ ഐഡികളുണ്ട്''- തേജസ്വി യാദവ് പറഞ്ഞു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നതാണെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നും തേജസ്വി ചോദിച്ചു.
ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്നും കഴിഞ്ഞ ദിവസം തേജസ്വി യാദവ് വ്യക്തമാക്കിയിരുന്നു. രണ്ട് മണ്ഡലങ്ങളിലായാണ് വിജയ് കുമാര്‍ സിന്‍ഹയുടെ പേരുള്ളതെന്നും അതില്‍ രണ്ടിലും അദ്ദേഹത്തിന്റെ പ്രായം വ്യത്യസ്തമാണെന്നും തേജസ്വി പറഞ്ഞിരുന്നു.