തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് തർക്കം, കോടതിയിൽ വീണ്ടും വെച്ച് വോട്ടെണ്ണൽ. ഹരിയാനയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം തിരുത്തി സുപ്രിംകോടതി

തർക്കമുണ്ടായ ബൂത്തിലെ ഫലം മാത്രം പരിശോധിക്കുന്നതിന് പകരം മുഴുവൻ ബൂത്തുകളിലെയും ഫലം പരിശോധിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു

New Update
1001173617

ന്യൂഡൽഹി: ഹരിയാനയിലെ ബുവാന ലഖുഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രിംകോടതി.

Advertisment

നേരത്തെ പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും കോടതി ഇടപെട്ട് വിളിച്ചുവരുത്തിയിരുന്നു.

തുടർന്ന് കോടതി പരിസരത്ത് വെച്ചുതന്നെ വീണ്ടും വോട്ടെണ്ണൽ നടത്തുകയും പിന്നാലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയുമായിരുന്നു.

 കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി.

പാനിപത് ജില്ലയിലെ ബുവാന ലഖു ഗ്രാമത്തിലെ ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റായി (സർപഞ്ച്‌) മോഹിത് കുമാറിനെ കോടതി പ്രഖ്യാപിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപങ്കർ ദത്ത, എൻ. കോട്ടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മേൽനോട്ടത്തിൽ സുപ്രിംകോടതി രജിസ്ട്രിയാണ് വോട്ടെണ്ണലിന് നേതൃത്വം വഹിച്ചത്.

2022 നവംബർ രണ്ടിന് നടന്ന സർപഞ്ച് തെരഞ്ഞെടുപ്പിൽ കുൽദീപ് സിങായിരുന്നു വിജയിച്ചിരുന്നത്.

എന്നാൽ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾക്കിടയിൽ തർക്കമുണ്ടാവുകയായിരുന്നു.

പിന്നാലെ പാനിപത്തിലെ അഡീഷണൽ സിവിൽ ജഡ്ജ് കം ഇലക്ഷൻ ട്രൈബ്യൂണലിൽ മോഹിത് കുമാർ ഹരജി ഫയൽ ചെയ്യുകയുമായിരുന്നു.

2025 ഏപ്രിൽ 22ന് ബൂത്ത് നമ്പർ 69ലെ ഫലം വീണ്ടും വോട്ടെണ്ണൽ നടത്താൻ ട്രിബ്യൂണൽ നിർദേശിച്ചെങ്കിലും ഹരിയാന ഹൈക്കോടതി ഈ വിധി റദ്ദാക്കി.

ഇതിനെ തുടർന്നാണ് മോഹിത് കുമാർ സുപ്രിംകോടതിയെ സമീപിക്കുന്നത്. ജൂലൈ 31 ന് ഹരജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് 'സംശയം ജനിപ്പിക്കുന്ന' വിവരങ്ങൾ ശ്രദ്ധയിൽപെട്ടതായി നിരീക്ഷിക്കുകയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കുകയുമായിരുന്നു.

തർക്കമുണ്ടായ ബൂത്തിലെ ഫലം മാത്രം പരിശോധിക്കുന്നതിന് പകരം മുഴുവൻ ബൂത്തുകളിലെയും ഫലം പരിശോധിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. 3767 വോട്ടുകളിൽ 1051 വോട്ടുകളാണ് മോഹിത് കുമാറിന് ലഭിച്ചത്. 1000 വോട്ടുകളാണ് കുൽദീപ് സിങിന് ലഭിച്ചത്.

Advertisment